ദില്ലി: രാജ്യത്ത് ഇപ്പോൾ ഉണ്ടായ കൊവിഡിൻ്റെ അതിതീവ്ര വ്യാപനം നിയന്ത്രിക്കാനാവുമെന്ന് കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹർഷവർധൻ. രണ്ടാം തരംഗത്തിൽ മരണനിരക്ക് കുറവാണെന്നും രണ്ടാം തരംഗത്തെ നിയന്ത്രിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനം തടയാൻ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഏ‍ർപ്പെടുത്തും. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും സ‍ർക്കാ‍ർ ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി 24 മണിക്കൂറും സാഹചര്യം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം ദേശീയ ലോക്ക് ഡൗൺ ഭയന്ന് കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാൻ ധൃതി കൂട്ടേണ്ടതില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രീ പീയുഷ് ​ഗോയൽ പറഞ്ഞു. രാജ്യത്ത് ട്രെയിൻ സ‍ർവ്വീസ് നിർത്തി വയ്ക്കാൻ ആലോചിക്കുന്നില്ല. ഇതേക്കുറിച്ച് തൊഴിലാളികൾക്ക് ആശങ്ക വേണ്ട. നാട്ടിലേക്ക് മടങ്ങാനായി ദില്ലിയടക്കമുള്ള ന​ഗരങ്ങളിൽ കുടിയേറ്റ തൊഴിലാളികൾ തിരക്ക് കൂട്ടുന്ന സാഹചര്യത്തിലാണ് റെയിൽവേ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.