പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള ഒരു വിവരങ്ങളും മിസ്സാവാതിരിക്കാന്‍ എന്‍ഐഎയുടെ നീക്കം, പഹല്‍ഗാമിലെത്തിയ സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും അറിയിപ്പ് 

ദില്ലി: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള വീഡിയോകളും ചിത്രങ്ങളും മറ്റ് വിവരങ്ങളും അറിയിക്കണമെന്ന് സഞ്ചാരികള്‍ അടക്കമുള്ളവരോട് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). വിവരങ്ങള്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്കായി പ്രത്യേക ഫോണ്‍ നമ്പറുകള്‍ എന്‍ഐഎ പുറത്തുവിട്ടു. 

26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അവിടെത്തിയ സഞ്ചാരികളിലും പ്രദേശവാസികളിലും നിന്ന് തേടുകയാണ് എന്‍ഐഎ. ആക്രമണവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങളോ ചിത്രങ്ങളോ വീഡിയോകളോ ഉണ്ടെങ്കില്‍ അറിയിക്കാന്‍ എന്‍ഐഎ ആവശ്യപ്പെട്ടു. എന്‍ഐഎയുടെ ഔദ്യോഗിക വെബ്‌സൈറ്റും സാമൂഹ്യമാധ്യമ അക്കൗണ്ടുകളും വഴിയാണ് ഈ അറിയിപ്പ്. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ പൊതുജനങ്ങള്‍ക്ക് 9654958816 എന്ന മൊബൈല്‍ നമ്പറില്‍ വിളിക്കുകയോ, 01124368800 എന്ന ലാന്‍ഡ് ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം. 

Scroll to load tweet…

പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ച് എന്‍ഐഎയുടെ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിനും തെളിവുകള്‍ ശേഖരിക്കുന്നതിനുമായി എന്‍ഐഎ സംഘങ്ങള്‍ പഹല്‍ഗാമില്‍ ക്യാംപ് ചെയ്യുന്നുണ്ട്. പഹല്‍ഗാം ഭീകരവാദി ആക്രമണത്തെ കുറിച്ച് ഇതിനകം ശേഖരിച്ച അനേകം ചിത്രങ്ങളും ദൃശ്യങ്ങളും എന്‍ഐഎ സംഘം സൂക്ഷ്‌മമായി പരിശോധിച്ചുവരികയാണ്. ആക്രമണവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും നഷ്ടമാകുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ദേശീയ അന്വേഷണ ഏജന്‍സി, പഹല്‍ഗാം സന്ദര്‍ശിച്ചവരില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ തേടുന്നത്. 

ഏപ്രിൽ 22ന് ജമ്മു കശ്‌മീരിലെ പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 25 ഇന്ത്യക്കാര്‍ക്കും ഒരു നേപ്പാളി പൗരനും ജീവന്‍ നഷ്ടമായിരുന്നു. പഹല്‍ഗാം സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് പാക് ഭീകരര്‍ വെടിയുതിര്‍ത്തത്. ഭീകരാക്രമണത്തില്‍ ഒരു മലയാളിക്കും ജീവന്‍ നഷ്ടമായി. പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് ചുട്ട മറുപടി നല്‍കുമെന്ന് അന്നേ ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ ഇന്നലെ പുലര്‍ച്ചെ പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള 9 പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തിരിച്ചടിച്ചു. ജയ്ഷെ, ലഷ്കർ, ഹിസ്‌ബുള്‍ ഭീകരരുടെ താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ കനത്ത പ്രത്യാക്രമണം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം