പുൽവാമ:  40 സിആർപിഎഫ് ഭടന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച ഐഇഡി സ്‌ഫോടകവസ്‌തു നിർമ്മിക്കാൻ വേണ്ടി ഉപയോഗിക്കപ്പെട്ട അമോണിയം പൗഡർ അടക്കമുള്ള പല രാസവസ്തുക്കളും വാങ്ങിയത് ആമസോണിൽ നിന്നാണെന്ന് എൻഐഎ. കഴിഞ്ഞ ദിവസം താഴ്‌വരയിൽ എൻഐഎ നടത്തിയ രണ്ട് അറസ്റ്റുകളിൽ നിന്നാണ് ഏറെ നിർണ്ണായകമായ ഈ വിവരം വെളിപ്പെട്ടത്. വൈസ് ഉൽ ഇസ്ലാം (19) എന്ന ശ്രീനഗർ നിവാസിയും, മുഹമ്മദ് അബ്ബാസ് റാത്തർ(32) എന്ന പുൽവാമ സ്വദേശിയുമാണ് അറസ്റ്റിലായത്. ആദിൽ അഹമ്മദ് ദാർ അടക്കമുള്ള തീവ്രവാദികൾക്ക് അഭയം നൽകിയതാണ് ഇവരുടെ മേൽ ആരോപിക്കപ്പെടുന്ന പ്രധാന കുറ്റം. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മൂന്നു ദിവസം മുമ്പ് തീവ്രവാദികളോട് അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരു അച്ഛനെയും മകളെയും എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. 

ചോദ്യം ചെയ്യലിനിടെ വായിസ് താൻ ആമസോൺ വഴി ഐഇഡി നിർമിക്കാൻ വേണ്ട അമോണിയം പൗഡർ, ബാറ്ററികൾ, കുപ്പായങ്ങൾ തുടങ്ങിയ പലതും വാങ്ങിയിരുന്നു എന്ന് എൻഐഎയോട് വെളിപ്പെടുത്തിയിരുന്നു. പാക് അധീന കാശ്മീരിൽ നിന്നുവന്ന ജെയ്ഷെ മുഹമ്മദ് തീവ്രവാദികൾ പറഞ്ഞിട്ടാണ് അങ്ങനെ ചെയ്തതെന്നും  ഈ സാധനങ്ങൾ ഒക്കെ ഐഇഡി സ്പെഷ്യലിസ്റ്റായ മുഹമ്മദ് ഉമറിന് കൈമാറുകയാണ് താൻ ചെയ്യുകയാണുണ്ടായതെന്നും വായിസ് പറഞ്ഞു. 

സ്ഫോടനത്തിനുപയോഗിച്ചത് അമോണിയം നൈട്രേറ്റ്, നൈട്രോ ഗ്ലിസറിൻ, ആർഡിഎക്സ് എന്നീ സ്ഫോടകവസ്തുക്കളാണെന്ന് എൻഐഎ നടത്തിയ ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു.