മാർച്ച് 13-നാണ് യുഎസ് പൗരനായ മാത്യൂ വാൻഡെയ്ക്കിനെ കൊൽക്കത്ത വിമാനത്താവളത്തിൽനിന്ന് പിടികൂടിയത്. ഡൽഹി, ലഖ്നൗ വിമാനത്താവളങ്ങളിൽനിന്നായി ഇയാളുടെ കൂട്ടാളികളായ ആറ് യുക്രൈൻ പൗരന്മാരും പിടിയിലായി.

ന്യൂഡൽഹി: മ്യാൻമറിലെ വിമത ​ഗ്രൂപ്പുകൾക്ക് ആയുധപരിശീലനം നൽകിയതിന് അറസ്റ്റിലായ യുഎസ് കൂലിപ്പട്ടാളക്കാരൻ മാത്യൂ ആരോൺ വാൻഡെയ്ക്കിനെതിരേ ചുമത്തിയ ഭീകരവാദ കുറ്റങ്ങൾ ഒഴിവാക്കിയതായി റിപ്പോർട്ട്. ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യാണ് പ്രതിക്കെതിരേ നേരത്തേ ചുമത്തിയിരുന്ന കുറ്റങ്ങൾ ഒഴിവാക്കിയത്. മാത്യൂ ആരോൺ വാൻഡെയ്ക്കിനൊപ്പം അറസ്റ്റിലായ ആറ് യുക്രൈനിയൻ പൗരന്മാർക്കെതിരേ ചുമത്തിയിരുന്ന ഭീകരവാദ കുറ്റങ്ങളും ഒഴിവാക്കിയിട്ടുണ്ട്. നേരത്തേ യുഎപിഎ ഉൾപ്പെടെ ചുമത്തിയാണ് അന്വേഷണ ഏജൻസികൾ ഇവരെ അറസ്റ്റ് ചെയ്തിരുന്നത്.

നിലവിൽ ഇമി​ഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ടിലെ സെക്ഷൻ 21, 23 പ്രകാരമുള്ള കുറ്റങ്ങളാണ് എൻഐഎ പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദേശികൾ ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നതടക്കമുള്ള കുറ്റങ്ങളാണിത്. അതേസമയം, എന്തുകൊണ്ടാണ് ഭീകരവാദ കുറ്റങ്ങൾ ഒഴിവാക്കിയതെന്ന ചോദ്യത്തിന് അത് നിയമപരമായ വിഷയമാണെന്നാണ് എൻഐഎ അധികൃതർ മറുപടി നൽകിയതെന്നും ദേശീയ മാധ്യമമായ ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു.

ഇക്കഴിഞ്ഞ മാർച്ച് 13-നാണ് യുഎസ് പൗരനായ മാത്യൂ വാൻഡെയ്ക്കിനെ കൊൽക്കത്ത വിമാനത്താവളത്തിൽനിന്ന് പിടികൂടിയത്. ഡൽഹി, ലഖ്നൗ വിമാനത്താവളങ്ങളിൽനിന്നായി ഇയാളുടെ കൂട്ടാളികളായ ആറ് യുക്രൈൻ പൗരന്മാരും പിടിയിലായി. യുഎസ് പൗരനായ വാൻഡെയ്ക്ക് ഇന്ത്യയിലെത്തി അനധികൃതമായി മ്യാൻമറിൽ കടന്ന് അവിടെയുള്ള വിമത​ഗ്രൂപ്പുകൾക്ക് സായുധ പരിശീലനം നൽകിയിരുന്നതായാണ് അന്വേഷണ ഏജൻസികൾ പറഞ്ഞിരുന്നത്.

സൺസ് ഓഫ് ലിബർട്ടി ഇന്റർനാഷണൽ(SOLI) എന്ന സം​ഘടനയുടെ സ്ഥാപകനാണ് വാൻഡെയ്ക്ക്. ഭരണകൂടങ്ങൾക്കെതിരേ പോരാടുന്നവർക്ക് പരിശീലനം നൽകാനാണ് ഇവർ പ്രവർത്തിക്കുന്നത്. നേരത്തേ ലിബിയയിലും സിറിയയിലും ആഭ്യന്തരസംഘർഷമുണ്ടായപ്പോൾ അവിടെയുള്ള വിമത​ഗ്രൂപ്പുകൾക്കും വാൻഡെയ്ക്ക് പരിശീലനം നൽകിയിരുന്നു. ഇതേ മാതൃകയിലാണ് മിസോറം വഴി മ്യാൻമറിലേക്ക് പ്രവേശിച്ചും സായുധപരിശീലനം നൽകിയത്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചില വിമതസംഘടനകളുമായും ഈ ​ഗ്രൂപ്പുകൾക്ക് ബന്ധമുണ്ട്. ഇതിനുപുറമേ യൂറോപ്പിൽനിന്ന് ഇന്ത്യ വഴി മ്യാൻമറിലേക്ക് വൻതോതിൽ ഡ്രോണുകളടക്കം കടത്തിയതായും എൻഐഎ നേരത്തേ പറഞ്ഞിരുന്നു. വാൻഡെയ്ക്കിനെതിരായ കേസ് ഒക്ടോബർ ഒന്നിന് ഡൽഹിയിലെ കോടതി പരി​ഗണിക്കും.