ചെന്നൈ: ലഷ്കർ ഇ ത്വയ്ബ ഭീകരർ തമിഴ്‌നാട്ടിലെത്തിയെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ കോയമ്പത്തൂരിന്‍റെ വിവിധ ഭാഗങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുന്നു. ഐഎസുമായി ബന്ധം ഉള്ളവരെ കണ്ടെത്താനാണ് റെയ്ഡ്. വീടുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തുന്നത്. പരിശോധന നടക്കുന്ന സ്ഥലങ്ങളിൽ തമിഴ്നാട് പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ മുന്നറിയിപ്പ്. വേളാങ്കണി പള്ളിയില്‍ ഉള്‍പ്പടെ ആക്രമണത്തിന് പദ്ധതിയുണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. അര്‍ധസൈനിക വിഭാഗത്തെയടക്കം ഏഴായിരം പൊലീസുകാരെയാണ് തമിഴ്നാടിന്‍റെ പടിഞ്ഞാറന്‍ മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. തമിഴ്നാടിന് പുറമേ കര്‍ണാടകം, ആന്ധ്ര, പുതുച്ചേരി ദില്ലി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.