പശ്ചിമ ബംഗാളിൽ തൃണമൂൽ നേതാക്കളെ വിടാതെ അന്വേഷണ ഏജൻസികൾ. മമത പക്ഷത്തെ മുൻ എംഎൽഎ ഷൗക്കത്ത് മൊല്ലയുടെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തി. തെരഞ്ഞെടുപ്പിനിടെയുണ്ടായ ബോംബ് സ്ഥോടന കേസിലാണ് നടപടി.
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, നേതാക്കൾക്ക് പിന്നാലെ അന്വേഷണ ഏജൻസികൾ. മമത ബാനർജി പക്ഷത്തുള്ള മുൻ എംഎൽഎ ഷൗക്കത്ത് മൊല്ലയുടെ വീട്ടിൽ എൻഐഎ സംഘം റെയ്ഡ് നടത്തി. ഭംഗയിലുള്ള സൗത്ത് ബമുനിയയിലെ വീട്ടിലാണ് എൻഐഎ സംഘം പരിശോധന നടത്തിയത്. ബംഗാൾ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന ആവശ്യമുയർന്നതിനിടെയാണ് എൻഐഎയ്ക്ക് കൈമാറിയത്.
അന്വേഷണം ആരംഭിച്ച എൻഐഎ, തൃണമൂൽ കോൺഗ്രസ് നേതാവ് വഹിദുൾ ഇസ്ലാം അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണതത്തിൻ്റെ ഭാഗമായാണ്, പ്രത്യേക അന്വേഷണ സംഘം ഷൗക്കത്ത് മൊല്ലയുടെ വീട്ടിൽ പരിശോധന നടത്തുകയും വിവരങ്ങൾ ശേഖരിച്ചതും. സ്ഫോടനത്തിന് പിന്നിൽ തൃണമൂൽ സ്ഥാനാർഥിയും നേതാക്കളുമാണെന്ന ആക്ഷേപം ബിജെപി ഉന്നയിച്ചിരുന്നു.
അതിനിടെ, വ്യാജ ഒപ്പ് കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എംപി സിഐഡി സംഘം നോട്ടീസ് നൽകി. ജൂൺ എട്ടിന് സിഐഡി ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. ഇക്കഴിഞ്ഞ തിങ്കളാഴ്ച സിഐഡി സംഘം അഭിഷേക് ബാനർജിയുടെ വസതിയിൽ എത്തിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അഭിഷേക് ബാനർജി രണ്ടാഴ്ച സമയം തേടിയതിനിടെയാണ് സിഐഡി വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്. രേഖകൾ ഹാജരാക്കി ചോദ്യംചെയ്യലിന് എത്തണമെന്നാണ് നിർദേശം.
തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവ് സോബൻദേബ് ചത്തോപാധ്യായയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്ന് കാട്ടി നിയമസഭാ സെക്രട്ടറിയേറ്റിന് നൽകിയ കത്തിൽ എംഎൽഎമാരുടെ വ്യാജ ഒപ്പിട്ടുവെന്നാണ് കേസ്. മെയ് 28ന് കൊൽക്കത്ത പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് പിന്നീട് സിഐഡി ഏറ്റെടുത്തത്. അതേസമയം ബംഗാളിൽ പ്രൈമറി സ്കൂളിലേക്ക് നടന്ന റിക്രൂട്ട്മെൻ്റിൽ ക്രമക്കേട് നടന്നുവെന്ന പരാതിയിൽ ജൂൺ 15 ഹാജരാകാൻ അഭിഷേക് ബാനർജിക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും നോട്ടീസ് നൽകിയിട്ടുണ്ട്.


