ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനം ആസൂത്രണം ചെയ്തെന്നാരോപിച്ച് ഏഴ് വിദേശ പൗരന്മാരെ എൻഐഎ അറസ്റ്റ് ചെയ്തു. റഷ്യൻ ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദി സംഘടനകൾക്ക് ഇവർ പരിശീലനം നൽകിയെന്നാണ് കണ്ടെത്തൽ.

ദില്ലി: വിഘടനവാദി സംഘടനകൾക്ക് പരിശീലനം നൽകി വിദേശ പൗരന്മാരുടെ അറസ്റ്റിൽ കൂടുതൽ കണ്ടെത്തലുമായി എൻഐഎ. 20 വിദേശികൾ വിഘടനവാദി പരിശീലനത്തിന് എത്തിയെന്നാണ് വിവരം. റഷ്യൻ ഏജൻസികളാണ് ഇവരുടെ ഇന്ത്യയിലെ സാന്നിധ്യത്തെ സംബന്ധിച്ച് വിവരം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. 20 വിദേശികൾ വിഘടനവാദി പരിശീലനത്തിന് എത്തിയെന്നും നാലു ബാച്ചുകളിലായി തിരിച്ച് പരിശീലനം നടത്തിയെന്നുമാണ് പറയുന്നത്.

ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തെന്നാരോപിച്ച് ആറ് യുക്രൈൻ പൗരന്മാരെയും ഒരു അമേരിക്കൻ പൗരനെയും ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ നീക്കത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. ദില്ലി, ലക്‌നൗ, കൊൽക്കത്ത വിമാനത്താവളങ്ങളിൽ നിന്നാണ് ഏഴ് പേരും എൻ ഐ എയുടെ പിടിയിലായത്. അറസ്റ്റിലായ അമേരിക്കൻ പൗരനെ കൊൽക്കത്ത വിമാനത്താവളത്തിൽനിന്നും മറ്റ് പ്രതികളിൽ മൂന്നുപേരെ ലക്‌നൗവിൽ നിന്നും മൂന്നുപേരെ ദില്ലിയിൽ നിന്നുമാണ് അന്വേഷണ സംഘം പിടികൂടിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദി സംഘടനകളുമായി ഇവർ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.

അമേരിക്കൻ - യുക്രൈൻ പൗരന്മാരുടെ അറസ്റ്റിന് കാരണം വിഘടനവാദി സംഘടനകൾക്ക് പരിശീലനം നൽകിയെന്നതാണെന്ന് എൻ ഐ എ, ദില്ലി കോടതിയെ അറിയിക്കുകയും ചെയ്തു. ഡ്രോൺ ഉപയോഗിച്ച് സ്ഫോടനം നടത്താനും ആയുധ പരിശീലനമടക്കം നൽകി. മ്യാന്മാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഘടനവാദി സംഘടനകൾക്കാണ് ഇവർ സഹായം നൽകിയത്. അറസ്റ്റിലായ അമേരിക്കൻ പൗരൻ മാത്യു വാൻഡൈക്ക് വിഘടനവാദി സംഘടനകളും ആയി പരിശീലനത്തിന് സഹകരിച്ചെന്ന് കണ്ടെത്തിയതായും എൻ ഐ എ വിവരിച്ചു. ഇന്ത്യയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന രീതിയിൽ ഇവർ പ്രവർത്തനം നടത്തി എന്നും എൻ ഐ എ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെ ഏഴു പ്രതികളെയും 11 ദിവസത്തെ എൻ ഐ എ കസ്റ്റഡിയിൽ വിട്ടു.