ദില്ലി: നിര്‍ഭയക്കേസിലെ പ്രതികളിലൊരാളായ പവൻ ഗുപ്ത സുപ്രീം കോടതിയില്‍ നല്‍കിയ തിരുത്തൽ ഹർജി തിങ്കളാഴ്ച പരിഗണിക്കും. വധശിക്ഷ ജീവപര്യന്തമാക്കണമെന്നാണ് പ്രതിയുടെ ഹര്‍ജിയിലെ ആവശ്യം. മാര്‍ച്ച് മൂന്നിനാണ് നാല് കുറ്റവാളികൾക്കും മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. വധശിക്ഷ നടപ്പാക്കാനിരിക്കേയുള്ള തിരുത്തല്‍ ഹര്‍ജിയിലൂടെ ശിക്ഷ വൈകിപ്പിക്കാനാണ് പവന്‍ ഗുപ്തയുടെ നീക്കം. 

ഇതു തള്ളിയാലും ഇനി രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനുള്ള അവസരം കൂടി പവന്‍ഗുപ്തക്കുണ്ട്. പവന്‍ഗുപ്തയുടെ ഈ നീക്കത്തിലൂടെ വധശിക്ഷ വീണ്ടും നീട്ടാനാണ് സാധ്യത. മറ്റ് മൂന്ന് കുറ്റവാളികളായ മുകേഷ് കുമാര്‍ സിംഗ്, വിനയ് കുമാര്‍ശര്‍മ്മ, അക്ഷയ് താക്കൂര്‍ എന്നിവരുടെ തിരുത്തല്‍ ഹര്‍ജിയും, ദയാഹര്‍ജിയും നേരത്തെ തള്ളിയിരുന്നു.