Asianet News MalayalamAsianet News Malayalam

നിര്‍ഭയ കേസിൽ മൂന്നാമത്തെ ദയാഹര്‍ജി, അക്ഷയ് താക്കൂര്‍ രാഷ്ട്രപതിക്ക് അപേക്ഷ നൽകി

കേസിൽ മറ്റൊരു കുറ്റവാളി വിനയ് ശര്‍മ നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയതിന് പിന്നാലെയാണ് മൂന്നാമത്തെയാൾ അപേക്ഷ നൽകിയിരിക്കുന്നത്

Nirbhaya case Akshay Thakur files mercy petition before Ram Nath Kovind President of India
Author
Delhi, First Published Feb 1, 2020, 11:47 AM IST

ദില്ലി: ദില്ലി കൂട്ടബലാത്സംഗ കേസിലെ കുറ്റവാളി അക്ഷയ് താക്കൂര്‍ പ്രസിഡന്റിന് ദയാഹ‍ര്‍ജി നൽകി. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു കുറ്റവാളി വിനയ് ശ‍ര്‍മ്മ ദയാഹര്‍ജി നൽകിയിരുന്നു. ഈ ദയാഹര്‍ജി ഇന്ന് രാഷ്ട്പതി തള്ളിയതിന് പിന്നാലെയാണ് മൂന്നാമത്തെ കുറ്റവാളിയായ അക്ഷയ് താക്കൂര്‍ രാഷ്ട്പതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ മുകേഷ് സിങിന്റെ ദയാഹര്‍ജിയും രാഷ്ട്പതി തള്ളിയിരുന്നു.

ദയാഹര്‍ജി തള്ളിയാൽ 14 ദിവസം കഴിഞ്ഞ് മാത്രമേ പ്രതികളെ തൂക്കിലേറ്റാവൂ എന്നാണ് നിയമം. വിനയ് ശര്‍മ്മ ദയാഹര്‍ജി നൽകിയ സാഹചര്യത്തിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ നാല് പേരെയും തൂക്കിലേറ്റുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ദില്ലി പാട്യാല ഹൗസ് കോടതി നിര്‍ത്തിവച്ചിരുന്നു. കുറ്റവാളികൾക്ക് സാധ്യമായ എല്ലാ നിയമപരമായ അവകാശങ്ങളും പ്രതികൾക്ക് തേടാമെന്നും അതിന് ശേഷമേ ശിക്ഷാവിധി നടപ്പിലാക്കൂ എന്നുമാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് ദില്ലി പട്യാല കോടതിയുടെ നടപടി. 
കേസിലെ മറ്റൊരു പ്രതിയായ പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന പവന്‍ഗുപ്തയുടെ വാദം നിരസിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. എന്നാല്‍ വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ പവന്‍ ഗുപ്തയ്ക്ക് അവസരമുണ്ട്. 

അതിനിടെ തിഹാർ ജയിലിൽ വധശിക്ഷയുടെ ഡമ്മി പരീക്ഷണം നടത്തി. കല്ലും മണ്ണും നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകൾ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. ഇന്നലെ ആരാച്ചാർ പവൻ കുമാറിനെ തിഹാർ ജയിലിൽ എത്തിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായിട്ടാണ് നാല് കുറ്റവാളികൾക്ക് ഒരുമിച്ച് തൂക്കുകയറൊരുങ്ങുന്നത്. അതിനാൽ വളരെ വിശാലമായ രീതിയിലാണ് തൂക്കുമരത്തട്ട് തയ്യാറാക്കുന്നതെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഡമ്മി പരീക്ഷണം നടത്തുന്നത്.

മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നി‍ർഭയകേസ് പ്രതി അക്ഷയ് സിംഗ് സമ‍ർപ്പിച്ച തിരുത്തൽ ഹർജി സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. ജസ്റ്റിസ് എൻ വി രമണ, അരുൺ മിശ്ര, ആർ എഫ് നരിമാൻ, ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഫെബ്രുവരി ഒന്നിനാണ് കേസിൽ നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ടിന്‍റെ സമയം അവസാനിക്കുന്നത്.

2012 ഡിസംബര്‍ 16-നാണ്  23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരമായ ബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണം സംഭവിച്ചു.

Follow Us:
Download App:
  • android
  • ios