മുകേഷ് സിംഗിന്‍റെയും കൂട്ടുപ്രതി വിനയ് ശർമ്മയുടെയും തിരുത്തൽ ഹ‍ർജികൾ ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്ന് തള്ളിയിരുന്നു.

ദില്ലി: ദില്ലി കൂട്ടബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിംഗ് രാഷ്ട്രതിക്ക് ദയാഹർജി നൽകി. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ നൽകിയ തിരുത്തൽ ഹർജി തള്ളിയതിന് പിന്നാലെയാണ് മുകേഷ് രാഷ്ട്രപതിക്ക് ദയാഹർജി നൽകിയത്. ദയാഹർജി കൂടി തള്ളിയാല്‍ വധശിക്ഷ നടപ്പാക്കും 

Add Asianetnews as a Preferred SourcegooglePreferred

മുകേഷ് സിംഗിന്‍റെയും കൂട്ടുപ്രതി വിനയ് ശർമ്മയുടെയും തിരുത്തൽ ഹ‍ർജികൾ ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്ന് തള്ളിയിരുന്നു. ജസ്റ്റിസുമാരായ അരുൺ മിശ്ര, ആർ എഫ് നരിമാൻ, ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ. കേസിലെ നാല് പ്രതികൾക്കും ജനുവരി ഏഴിന് ദില്ലി പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജനുവരി 22-ന് രാവിലെ 7 മണിക്ക് വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്. 

ദില്ലി പട്യാല ഹൗസ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ച് രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഒമ്പതിനാണ് വിനയ് കുമാർ ശർമ്മ തിരുത്തൽ ഹർജി ഫയ‌ൽ ചെയ്തത്. ഇതിന് പിന്നാലെ മുകേഷും തിരുത്തൽ ഹർജി ഫയൽ ചെയ്തു. ജനുവരി 22-ന് രാവിലെ ഏഴുമണിക്കാണ് വധശിക്ഷ നടപ്പാക്കേണ്ടത്. വിനയ് ശർമ്മയ്ക്കും, മുകേഷിനും പുറമേ പവൻ ഗുപ്ത, അക്ഷയ് സിംഗ് എന്നീ പ്രതികളെയും ജനുവരി 22നായിരിക്കും തൂക്കിലേറ്റുക. ഇവർ തിരുത്തൽ ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. 

കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിന് മുന്നോടിയായി തിഹാർ ജയിലിൽ ജനുവരി 12ന് ഡമ്മി പരീക്ഷണം നടത്തിയിരുന്നു. കല്ലും മണ്ണൂ നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകൾ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. 

2012 ഡിസംബര്‍ 16-നാണ് 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണം സംഭവിച്ചു.