ദില്ലി: നിര്‍ഭയ കേസില്‍ തൂക്കിലേറ്റപ്പെട്ട നാല് കുറ്റവാളികളില്‍ ഒരാള്‍ സ്വന്തം ശരീരം ദാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു, മറ്റൊരാള്‍ താന്‍ വരച്ച ചിത്രവും. തങ്ങളുടെ വില്‍പത്രങ്ങളിലാണ് ഇവര്‍ അന്ത്യാഭിലാഷങ്ങള്‍ കുറിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

കുറ്റവാളികളിലൊരാളായ മുകേഷ് കുമാര്‍ സിംഗ് സ്വന്തം ശരീരം ദാനം ചെയ്യണമെന്നാണ് ആഗ്രഹം പ്രകടിപ്പിച്ചത്. വിനയ് ശര്‍മ താന്‍ വരച്ച പെയിന്റിങ്ങുകള്‍ ജയില്‍ സൂപ്രണ്ടിന് നല്‍കാനും ആഗ്രഹച്ചിരുന്നു. എന്നാല്‍ മറ്റ് രണ്ട് കുറ്റവാളികളായ പവനും അക്ഷയും അവസാനമായി ആഗ്രഹങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.  

ജയിലില്‍ വെച്ച് ഇവര്‍ സമ്പാദിച്ച തുക ബന്ധുക്കള്‍ക്ക് കൈമാറും. അക്ഷയ് താക്കൂര്‍ 69,000 രൂപയാണ് ഇതുവരെ സമ്പാദിച്ചത്. പവന്‍ ഗുപ്ത 39,000 രൂപയും ജയിലില്‍ വെച്ച് സമ്പാദിച്ചിരുന്നു. 

ജനുവരിയില്‍ വില്‍പത്രങ്ങള്‍ എഴുതാന്‍ ഇവര്‍ വിസമ്മതിച്ചിരുന്നു. വധശിക്ഷ നീട്ടിവെക്കുമെന്ന പ്രതീക്ഷയിലായിരുന്നു. അതിനാലാണ് അന്ന് വില്‍പത്രമെഴുതാന്‍ നാലുപേരും തയ്യാറാകാതിരുന്നത്. ഫെബ്രുവരിയില്‍ വധശിക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്നോടിയായി ആഗ്രഹം ആരാഞ്ഞപ്പോഴും ഇവര്‍ നിശബ്ദരായിരുന്നു. വധശിക്ഷ നീട്ടിവെക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു പ്രതികള്‍. 

മുകേഷ് കുമാര്‍ സിംഗ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നീ പ്രതികളുടെ വധശിക്ഷയാണ് ഇന്ന് പുലര്‍ച്ചെ കൃത്യം അഞ്ചരയ്ക്ക് നടപ്പാക്കിയത്. സുപ്രീംകോടതിയില്‍ കുറ്റവാളികള്‍ക്കായി സമര്‍പ്പിക്കപ്പെട്ട അവസാന ഹര്‍ജിയും തള്ളിയതോടെ പുലര്‍ച്ചെ നാലേമുക്കാലോടെ വധശിക്ഷയ്ക്ക് മുന്നോടിയായി തിഹാര്‍ ജയിലില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.

ആരാച്ചാര്‍ പവന്‍ കുമാറുംഈ യോഗത്തില്‍ പങ്കെടുത്തു. പ്രതികളെ വീണ്ടും ബന്ധുക്കളെ കാണിക്കണമെന്ന വാദവും തള്ളി. ജയില്‍ മാനുവല്‍ പ്രകാരം ഇത് അനുവദിക്കാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. കുറ്റവാളികളുടെ ശാരീരിക ക്ഷമത തൃപ്തികരമെന്നും തിഹാര്‍ ജയിലധികൃതര്‍ അറിയിച്ചു. പ്രാര്‍ത്ഥിക്കാനായി 10 മിനിറ്റ് നല്‍കുന്നതടക്കംഎല്ലാ നടപടിക്രമങ്ങള്‍ക്കും ഒടുവിലാണ് നാല് പേരെയും ഒരുമിച്ച് തൂക്കിലേറ്റിയത്.

Read more: കക്ഷികൾ കഴുവേറ്റപ്പെട്ടിട്ടും പകവിടാതെ നിർഭയ കേസിലെ പ്രതിഭാഗം വക്കീൽ, അഡ്വ. അജയ് പ്രകാശ് സിംഗ്

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക