ദില്ലി: ദില്ലി നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ മൂന്നാമത്തെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളി. പ്രതി അക്ഷയ് താക്കൂറിന്‍റെ ദയാഹർജിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തള്ളിയത്. ഈ മാസം ഒന്നിനാണ് അക്ഷയ് ദയാഹർജി സമർപ്പിച്ചത്. നേരത്തെ ഇയാളുടെ പുനഃപരിശോധന ഹര്‍ജിയും തിരുത്തൽ ഹര്‍ജിയും സുപ്രീംകോടതി തള്ളിയിരുന്നു. കേസിലെ മറ്റ് പ്രതികളായ വിനയ് ശ‍ര്‍മ്മ, മുകേഷ് സിങ് എന്നിവരുടെ ദയാഹര്‍ജികള്‍ രാഷ്ട്രപതി നേരത്തെ തള്ളിയതാണ്. ഇതിന് പിന്നാലെയാണ് അക്ഷയ് താക്കൂറിന്‍റെ ദയാഹര്‍ജിയും തള്ളിയത്. ദയാഹര്‍ജി തള്ളിയാൽ 14 ദിവസം കഴിഞ്ഞ് മാത്രമേ പ്രതികളെ തൂക്കിലേറ്റാവൂ എന്നാണ് നിയമം.

വധശിക്ഷ നീട്ടാനുള്ള കുറ്റവാളികളുടെ നീക്കത്തിന് ഇനി ബാക്കിയുള്ളത് പവൻ ഗുപ്തയുടെ തിരുത്തൽ ഹർജിയും ദയാഹർജിയും മാത്രം. കഴിഞ്ഞ ശനിയാഴ്ച്ച കേസിലെ കുറ്റവാളിയായ വിനയ് ശർമ്മയുടെ ദയാഹർജി തള്ളി മണിക്കൂറുകൾക്കകമായിരുന്നു
അക്ഷയ് ഠാക്കൂർ ഹർജി നൽകിയത്. മുകേഷ് സിംഗിന്റെ ദയാഹർജി കോടതി കഴിഞ്ഞ മാസമാണ് തള്ളിയത്. 

നിര്‍ഭയ കേസില്‍ ദില്ലി ഹൈക്കോടതിയുടെ വധശിക്ഷ ഒന്നിച്ചുമാത്രമെന്ന വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. നിര്‍ഭയ കേസില്‍ പ്രതികളുടെ ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്ര സ‌ർക്കാരിന്‍റെ ​ഹ‌ർജി കോടതി തള്ളിയതിന് പിന്നാലെയാണ് വീണ്ടും കേന്ദ്രത്തിന്‍റെ നീക്കം. നിർഭയ കേസിൽ കുറ്റവാളികളുടെ വധശിക്ഷ ഒരുമിച്ച് തന്നെ നടപ്പാക്കണമെന്നായിരുന്നു ദില്ലി ഹൈക്കോടതി വിധി. 

നിര്‍ഭയ: കുറ്റവാളികളെ ഉടന്‍ തൂക്കിലേറ്റുമെന്ന് കേന്ദ്രമന്ത്രി,

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് ഇന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു . പ്രതികള്‍ ശിക്ഷ വൈകിപ്പിക്കാന്‍ മനപ്പൂര്‍വം ശ്രമിച്ചുവെന്ന് അത് നീതീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്ന് ബിജെപി  വനിതാ എംപിമാരടക്കം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി പെട്ടെന്ന് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.