Asianet News MalayalamAsianet News Malayalam

നിർഭയ കൂട്ടബലാത്സംഗ കേസിന് ഏഴാണ്ട്; മകൾക്ക് നീതി കിട്ടിയില്ലെന്ന് അമ്മ ആശാദേവി

  • കുറ്റക്കാർക്ക് വധശിക്ഷ നൽകാത്തതിന്റെ പ്രതിഷേധത്തിലാണ് നിർഭയുടെ കുടുംബം
  • ശിക്ഷ നടപ്പാക്കാൻ വൈകുന്നത് മൂലം നിയമവ്യവസ്ഥയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്നു
Nirbhaya case Seven years completed conivicted still in jail
Author
New Delhi, First Published Dec 16, 2019, 8:00 AM IST

ദില്ലി: രാജ്യത്തെ നടുക്കിയ ദില്ലി കൂട്ടബലാത്സംഗ കേസിന് ഇന്ന് ഏഴ് വയസ്. എന്നാൽ കേസിലെ പ്രതികൾ ഇന്നും ശിക്ഷ കാത്ത് തടവറയ്ക്ക് അകത്താണ്. ഇവർക്ക് വധശിക്ഷ നൽകാൻ ഇനിയും സാധിച്ചിട്ടില്ല.

കുറ്റക്കാർക്ക് വധശിക്ഷ നൽകാത്തതിന്റെ പ്രതിഷേധത്തിലാണ് കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിർഭയുടെ കുടുംബം. വധശിക്ഷ നടപ്പാക്കുന്നത് വരെ തന്റെ പോരാട്ടം തുടരുമെന്ന് നിർഭയയുടെ അമ്മ ആശാ ദേവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മകൾക്ക് നീതി കിട്ടിയില്ലെന്ന് നിർഭയുടെ അമ്മ പറഞ്ഞു. മകളുടെ നീതിക്കായി പോരാട്ടം തുടരും. മനുഷ്യാവകാശം നിർഭയക്ക് നിഷേധിച്ചു. പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കണം. ശിക്ഷ നടപ്പാക്കാൻ വൈകുന്നത് മൂലം നിയമവ്യവസ്ഥയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്നു. കേസുകൾ അന്തമായി നീളുന്നതോടെ ജനങ്ങൾ നിരാശയിലാകുന്നുവെന്നും ഇതിനാലാണ് ഹൈദരാബാദ് സംഭവത്തിൽ കൈയ്യടിക്കുന്നതെന്നും അവർ പറഞ്ഞു.

ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് മകൾക്ക് അപകടം പറ്റിയെന്ന വിവരം കിട്ടിയത് മാത്രമാണ് ഈ അമ്മയുടെ ഓർമ്മയിലുള്ളത്. നീണ്ട പ്രാ‍ർത്ഥനകൾ പോലും പിന്നീട് ഫലം കണ്ടില്ല. ഏഴ് വർഷം നീണ്ട നീതിക്കായുള്ള നിയമപോരാട്ടം ഇന്നും തുടരുകയാണ് അവർ. ഏഴു വർഷങ്ങൾക്ക് മുൻപ് ഉള്ള ആ രാത്രിയെ കുറിച്ച് ആശാദേവി പ്രതികരിച്ചു.

"അർധരാത്രി ആശുപത്രിയിൽ നിന്ന് ഫോൺ വന്നു. മകൾക്ക് അപകടം പറ്റിയെന്ന്. പെട്ടെന്ന് അവിടേക്ക് പോയി. ഇത്രയും വലിയ ദുരന്തമാണ് മകൾക്ക് ഉണ്ടായതെന്ന്  അറിഞ്ഞിരുന്നില്ല. പിന്നീട് ഒന്നും ഓർക്കാൻ തോന്നിയിട്ടില്ല. കോടതിയിൽ ജഡ്ജിമാ‍ർ വെറുതെ ഇരിക്കുകയാണ്. എത്രനാളാണ് കേസുകൾ ഇങ്ങനെ നീളുന്നത്? സാധാരണക്കാന് നീതി കിട്ടാൻ ഇവിടെ വർഷങ്ങൾ കാത്തിരിക്കുകയാണ്," എന്നും അവർ കുറ്റപ്പെടുത്തി.

"മനുഷ്യാവകാശം നിർഭയക്ക് നിഷേധിച്ചു. ഈ വിശ്വാസം പോയതിനാലാണ് ഹൈദരാബാദ് സംഭവത്തിൽ ഞങ്ങൾക്ക് പ്രതികളെ വെടിവച്ച് കൊന്നത്  നന്നായി എന്ന് പറയേണ്ടി വരുന്നത്. 

"മനുഷ്യാവകാശം പറയുന്നവർക്ക് നഷ്ടത്തിന്റെ വില അറിയില്ല. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ട സർക്കാർ രാഷ്ട്രീയം കളിക്കുകയാണ്. ശക്തമായ നിയമം നടപ്പാക്കാൻ എന്തിന് വൈകുന്നു?" എന്നും അവർ ചോദിച്ചു. മകളുടെ പേരിൽ സന്നദ്ധ സംഘടനയുമായി സമൂഹ്യ പ്രവർത്തനനം നടത്തുകയാണ് മാതാപിതാക്കൾ.

Follow Us:
Download App:
  • android
  • ios