Asianet News MalayalamAsianet News Malayalam

തിഹാര്‍ ജയിലില്‍ ആരാച്ചാര്‍ 'ജോലി'ക്കെത്തി; കൊലക്കയറും തൂക്കുമരവും പരിശോധിച്ചു

അഞ്ച് പെണ്‍മക്കളുടെയും രണ്ട് ആണ്‍മക്കളുടെ പിതാവാണ് പവന്‍ ജല്ലാദ്. മീററ്റിലെ ലോഹ്യ നഗറിലെ കാഷിറാം കോളനിയിലാണ് താമസം.

Nirbhaya: Hangman officially joined Tihar jail
Author
New Delhi, First Published Jan 31, 2020, 10:57 AM IST

ദില്ലി: വധശിക്ഷക്ക് വിധിക്കപ്പെട്ട നിര്‍ഭയ കേസ് പ്രതികളെ പാര്‍പ്പിച്ച തിഹാര്‍ ജയിലില്‍ ആരാച്ചാര്‍ ജോലിക്കെത്തി. ഉത്തര്‍പ്രദേശ് മീററ്റ് സ്വദേശി സിന്ധി റാം(പവന്‍ ജല്ലാദ്) ജയിലില്‍ ഔദ്യോഗികമായി ജോയിന്‍ ചെയ്തത്. വധശിക്ഷ നടപ്പാക്കുന്ന മൂന്നാം നമ്പര്‍ ജയിലിലെ സ്ഥലം അദ്ദേഹം പരിശോധിച്ചു. ഒരാളെ തൂക്കിലേറ്റുന്നതിന് 15000 രൂപയാണ് ആരാച്ചാര്‍ക്ക് പ്രതിഫലം ലഭിക്കുക. നാല് പേരെ തൂക്കുന്നതിന് മൊത്തം 60000 രൂപ ലഭിക്കുമെന്ന് സീനിയര്‍ ജയില്‍ ഓഫിസര്‍ പറഞ്ഞു. 

വധശിക്ഷ നടപ്പാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ആരാച്ചാര്‍ പരിശോധിച്ചു. കയറുകളുടെയും തൂക്കുമരങ്ങളുടെയും ബലം പരിശോധിച്ച് ഉറപ്പ് വരുത്തി. നാല് പേരെയും ഒരുമിച്ച് തൂക്കിലേറ്റുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് പെണ്‍മക്കളുടെയും രണ്ട് ആണ്‍മക്കളുടെ പിതാവാണ് പവന്‍ ജല്ലാദ്. മീററ്റിലെ ലോഹ്യ നഗറിലെ കാഷിറാം കോളനിയിലാണ് താമസം. ഇയാളുടെ അച്ഛന്‍ മമ്മു സിംഗ്,  മുത്തച്ഛന്‍ കല്ലു ജല്ലാദ് എന്നിവരും ആരാച്ചാര്‍മാരായിരുന്നു. കല്ലു ജല്ലാദിന്‍റെ അച്ഛന്‍ ബ്രിട്ടീഷ് ഭരണകാലത്ത് ആരാച്ചാരായിരുന്നു. 

ഫെബ്രുവരി ഒന്നിന് നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും നിയമ നടപടികള്‍ സ്വീകരിച്ചതോടെ ഫെബ്രുവരി ഒന്നിന് നടപ്പാക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നി‍ർഭയകേസ് പ്രതി അക്ഷയ് സിംഗ് സമ‍ർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എൻ വി രമണ, അരുൺ മിശ്ര, ആർ എഫ് നരിമാൻ, ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഫെബ്രുവരി ഒന്നിനാണ് കേസിൽ നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ടിന്‍റെ സമയം അവസാനിക്കുന്നത്. 

പ്രതികളിലൊരാളായ വിനയ് ശര്‍മയാണ് ഇന്നലെ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നു. ദയാഹര്‍ജിയില്‍ തീരുമാനമെടുത്ത് 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം. കേസിലെ മറ്റ് രണ്ട് പ്രതികളായ മുകേഷ് സിംഗിന്‍റെയും വിനയ് ശര്‍മയുടെയും തിരുത്തല്‍ ഹര്‍ജികള്‍ ഇതേ ബെഞ്ച് ജനുവരി പതിനേഴിന് തള്ളിയിരുന്നു. കേസിലെ പ്രതി മുകേഷ് സിംഗ് നൽകിയ ആദ്യ ദയാഹര്‍ജി രാഷ്ട്രപതിയും തള്ളിയിരുന്നു.

2012 ഡിസംബര്‍ 16-നാണ്  23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക്  ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണം സംഭവിച്ചു.

Follow Us:
Download App:
  • android
  • ios