ന്യൂയോര്‍ക്ക്: ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും. നിര്‍മല സീതാരാമനെ കൂടാതെ ഇന്ത്യില്‍ നിന്ന് രണ്ട് പേര്‍കൂടി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. എച്ച്‌സിഎല്‍ കോര്‍പ്പറേഷന്‍ സിഇഒയും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ റോഷ്‌നി നാടാര്‍ മല്‍ഹോത്ര, ബയോകോണ്‍ സ്ഥാപക കിരണ്‍ മസുംദാര്‍ എന്നിവരാണ് പട്ടികയിലുള്ളത്.

ഫോബ്സ് പുറത്ത് വിട്ട 100 പേരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ ആണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്‍റെ പ്രിസഡന്‍റ് ക്രിസ്റ്റീന ലഗാര്‍ഡെയാണ് രണ്ടാം സ്ഥാനത്ത്. യുഎസ് ഹൗസ് ഓഫ് റെപ്രസന്‍റേറ്റീവ്സ് സ്പീക്കര്‍ നാന്‍സി പെലോസി ആണ് മൂന്നാം സ്ഥാനത്ത്.

പട്ടികയില്‍ പുതുമുഖുമാണ് 34-ാം സ്ഥാനത്തുള്ള നിര്‍മല സീതാരാമന്‍. ഇന്ത്യയിലെ ആദ്യ വനിതാ ധനമന്ത്രിയും കഴിഞ്ഞ കേന്ദ്രമന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയുമായിരുന്നു നിര്‍മല സീതാരാമന്‍. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ക്ക് ഹസീന പട്ടികയില്‍ 29മത് ആണ്. ന്യൂസിലാന്‍ഡ് പ്രസിഡന്‍റ് ജസീന്ത ആന്‍ഡേന്‍, ഡൊണാള്‍ഡ് ട്രംപിന്‍റെ മകള്‍ ഇവാന്‍ക ട്രംപ്, സെറീന വില്യംസ് തുടങ്ങി പ്രമുഖര്‍ പട്ടികയിലുണ്ട്. പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ത്യുന്‍ബെര്‍ഗും ഫോബ്സിന്‍റെ പട്ടികയിലുണ്ട്. പട്ടികയില്‍ നൂറാമതായാണ് ഗ്രേറ്റയുടെ സ്ഥാനം.