ദില്ലി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന വാർത്തകൾക്കിടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നാളെ മാധ്യമങ്ങളെ കാണും. പ്രതിസന്ധി മറികടക്കാനുള്ള ഉത്തേജന പാക്കേജുകൾ ധനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ദില്ലിയിലെ നാഷണൽ മീഡിയ സെന്ററിൽ രണ്ടരയ്ക്കാണ് വാർത്താസമ്മേളനം. 

ഇതിനിടെ, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും താഴേക്ക് പോവുകയാണെന്ന അന്താരാഷ്ട്ര നാണ്യ നിധി ( ഐ എം എഫ് ) വിലയിരുത്തൽ പുറത്തുവന്നു. ബാങ്കുകൾ ഒഴികെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ദുര്‍ബലമായതാണ് ഇതിന് കാരണം. വരും വർഷങ്ങളിൽ ഇന്ത്യയുടെ വളര്‍ച്ച മന്ദഗതിയിലായിരിക്കും. 2020 ഓടെ 7.2 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. എന്നാൽ അതിലേക്ക് എത്തുക പ്രയാസമായിരിക്കുമെന്നാണ് ഐ എം എഫ് വിലയിരുത്തൽ.