കോൺഗ്രസ്ബജറ്റുകളിൽ സംസ്ഥാനങ്ങളെ പരിഗണിച്ചിട്ടില്ലേയെന്ന് നിർമ്മലസീതാരാമൻ,വിമർശനങ്ങൾ തള്ളുന്നുവെന്നും ധനമന്ത്രി

ദില്ലി:

ബജറ്റില്‍ എല്ലാ സംസ്ഥാനങ്ങളെയും പരാമര്‍ശിക്കാനാവില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ആന്ധ്രക്കും ബിഹാറിനും വാരിക്കോരി കൊടുത്തുവെന്നത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് ബജറ്റില്‍ എല്ലാ സംസ്ഥാനങ്ങളെയും പരാമര്ശി‍ക്കുമായിരുന്നോയെന്നും ധനമന്ത്രി ചോദിച്ചു. ബജറ്റ് അവഗണനക്കെതിരെ പാര്‍ലമെന്‍റിനകത്തും പുറത്തും ഇന്ത്യ സഖ്യം വലിയ പ്രതിഷേധമുയര്‍ത്തി.

ആന്ധ്രക്കും ബിഹാറിനും മാത്രമായുള്ള ബജറ്റെന്ന ആരോപണത്തിന് പൊട്ടിത്തെറിച്ചാണ് ധനമന്ത്രി മറുപടി നല്‍കിയത്. എല്ലാ സംസ്ഥാനങ്ങളെയും പേര് പരാമര്‍ശിക്കാനാവില്ല. എന്നു വച്ച് ആ സംസ്ഥാനങ്ങളെ കേന്ദ്രം കൈവിടുമെന്നോണോ അര്‍ത്ഥമെന്ന് നിര്‍മ്മല സീതാരാമന്‍ ചോദിച്ചു. മഹാരാഷ്ട്രയുടെ പേര് ഇന്നലത്തെ ബജറ്റില്‍ പറയുന്നില്ല എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം മാഹാരാഷ്ട്രയിലെ വാധാവനില്‍ 76000 കോടി രൂപയുടെ തുറമുഖ പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്. കേന്ദ്രത്തിന്‍റെ പദ്ധതികള്‍ക്കും,ലോക ബാങ്ക് , എഡിബി പോലുള്ള സ്ഥാപനങ്ങളുടെ ധനസഹായത്തിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹതയുണ്ടെന്നും ധനമന്ത്രി ന്യായീകരിച്ചു.

സംസ്ഥാനങ്ങളോട് കടുത്ത അവഗണനയെന്ന ആക്ഷേപം ധനമന്ത്രിയുടെ സാന്നിധ്യത്തില്‍ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആവര്‍ത്തിച്ചു. ലോക്സഭയും ബഹളത്തില്‍ മുങ്ങി.സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്‍റിന്‍റെ പ്രധാനകവാടത്തില്‍ ഇന്ത്യ സഖ്യം നേതാക്കള്‍ പ്രതിഷേധിച്ചു. പ്രതിഷേധ സൂചകമായി വരുന്ന ശനിയാഴ്ച നടക്കുന്ന നിതി ആയോഗ് യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാരgx തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ മമത ബാനര്‍ജി നിലപാടറിയിച്ചിട്ടില്ല.