Asianet News MalayalamAsianet News Malayalam

'ആ ഗർഭത്തിന്റെ ക്രെഡിറ്റ് പങ്കിട്ടത് പൈനാപ്പിളും, നിത്യാനന്ദയും'; രാജശേഖരനില്‍ നിന്ന് നിത്യാനന്ദയിലേക്കുള്ള വളര്‍ച്ച ഇങ്ങനെ

അവരിൽ ഭൂരിഭാഗം പേർക്കും യാദൃച്ഛികമെന്നോണം അസുഖം ഭേദപ്പെട്ടുകൊണ്ടിരുന്നു. ഒരു ദിവസം ഒരു ഭക്ത വന്നു. അവർക്ക് ദീർഘകാലമായി സന്താനസൗഭാഗ്യമില്ലായിരുന്നു. ഒരു താലം നിറച്ച് പഴങ്ങളോടെ വന്നുപറഞ്ഞു. " സ്വാമി, എനിക്കൊരു കുഞ്ഞിക്കാല് കാണാൻ വേണ്ടി അനുഗ്രഹം തരണം. " ആ പഴക്കൂടയിൽ സ്പർശിച്ചുകൊണ്ട് നിത്യാനന്ദ അനുഗ്രഹിച്ചു, " സന്താന സൗഭാഗ്യവതീ ഭവ"

Nithyanada shares firsts super natural experiments credit with a fruit
Author
Chennai, First Published Jan 30, 2020, 2:22 PM IST

ചെന്നൈ: സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്ക്കെതിരെ വീണ്ടും വെളിപ്പെടുത്തലുമായി മുന്‍ അനുയായി. 2013ല്‍ നിത്യാനന്ദയുടെ നിര്‍ദേശമനുസരിച്ച് തന്‍റെ നാലുമക്കളെയും ഗുരുകുലത്തില്‍ ചേര്‍ത്ത് നിത്യാനന്ദയുടെ ഏറ്റവുമടുത്ത അനുയായി മാറിയ ജനാര്‍ദ്ദന ശര്‍മ്മയാണ് രൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. തുടര്‍ച്ചയായി ഹൃദയസംബന്ധമായ തകരാര്‍ നേരിട്ട  സമയത്താണ് നിത്യാനന്ദയുടെ അടുക്കലെത്തുന്നത്. മക്കളെ ഗുരുകുലത്തില്‍ ചേര്‍ക്കാനായിരുന്നു ലഭിച്ച നിര്‍ദേശം. താന്‍ അനുസരിച്ചു. പിന്നീട് സ്വത്തെല്ലാം വിട്ട് കുടുംബമായി ആശ്രമത്തില്‍ ചേരുകയായിരുന്നു. എന്നാല്‍ കണ്‍മുന്നില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍മക്കള്‍ക്ക് സംഭവിക്കുന്ന അവിശ്വസനീയമായ മാറ്റങ്ങളെ തുടര്‍ന്നാണ് ജനാര്‍ദ്ദന ശര്‍മ്മ നിത്യാനന്ദയ്ക്കെതിരെ തിരിഞ്ഞത്. മക്കളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച ജനാര്‍ദ്ദന ശര്‍മ്മയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളായിരുന്നു പെണ്‍മക്കളും നിത്യാനന്ദയും ഉയര്‍ത്തിയത്. എന്നാല്‍ ജനാര്‍ദ്ദന വര്‍മ്മ ആരോപിക്കുന്നതിനേക്കാള്‍ വലിയ ക്രിമിനലാണ് താനെന്ന് നിത്യാനന്ദ തന്നെ നേരത്തെ വിശദമാക്കിയിരുന്നു.

എ രാജശേഖര മുതലിയാർ എന്ന സാധാരണക്കാരനിൽ നിന്ന് സ്വാമി നിത്യാനന്ദ എന്ന കൾട്ട് സന്യാസിയിലേക്കുള്ള പ്രയാണം ഏറെ നാളത്തെ സൂക്ഷ്മമായ പ്രവര്‍ത്തനത്തിന് ശേഷമായിരുന്നു. നിത്യാനന്ദയുടെ ഒരു പ്രഭാഷണം അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിൽ പരക്കെ പ്രചരിച്ചിരുന്നു. അതിൽ എ രാജശേഖര മുതലിയാർ എന്ന താൻ ആധ്യാത്മികജീവിതത്തിന്റെ തുടക്കത്തിൽ നേരിട്ട പ്രതിസന്ധികളെപ്പറ്റി, തുടർന്ന് നിത്യാനന്ദ എന്ന കൾട്ട് സന്യാസിയിലേക്കുള്ള തന്റെ പ്രയാണത്തെപ്പറ്റി, വിസ്തരിച്ചുള്ള കുമ്പസാരങ്ങളുണ്ട്. "അരിപ്രശ്നത്തിന് പരിഹാരമാകാതെ വന്നപ്പോൾ, ഭക്തിമാർഗത്തിൽ അഭയം തേടി, തിരുവണ്ണാമലൈയിലെ ഒരു അമ്പലത്തിൽ അന്തേവാസിയായി, അവിടെ നിന്ന് പടച്ചോറായി കിട്ടിയിരുന്ന രണ്ടുരുള തൈർസാദം മാത്രം ഭുജിച്ചുകൊണ്ട് കഴിഞ്ഞുകൂടിയവനല്ലേ ഈ ഞാൻ..? രാമാ... കൃഷ്ണാ... ഗോവിന്ദാ... എന്ന് നാമം ജപിച്ചുകൊണ്ട് അവിടന്ന് പടച്ചോറായി കിട്ടിയ തൈരുസാദം രണ്ടുരുളയും ശാപ്പിട്ടുകൊണ്ട് മിണ്ടാതെ കാലം കഴിച്ചുകൊണ്ടിരുന്നതല്ലേ ഈ ഞാൻ?''

ഏറി വന്നാൽ നാലോ അഞ്ചോ ശിഷ്യന്മാരുണ്ടായിരുന്നു. ഒരു കാറുമുണ്ടായിരുന്നു. അറിയാവുന്ന നാലു മന്ത്രവും ചൊല്ലിക്കൊടുത്ത് അവിടെ കഴിഞ്ഞുകൂടിയ എന്നെ, അവിടിട്ട് നിങ്ങളിൽ ചിലർ  പൊതിരെ തല്ലി. അടിച്ചോടിച്ചു കളഞ്ഞു. എനിക്ക് എന്തെങ്കിലും ചെയ്തതല്ലേ പറ്റൂ. എവിടെങ്കിലും ചെന്ന് പിഴച്ചല്ലേ ഒക്കൂ. അന്ന് അടികിട്ടിയപ്പോൾ തന്നെ ജീവനൊടുക്കാനാണ് തോന്നിയത്. എന്റെ മതത്തിൽ ആത്മാഹുതിക്ക് അനുമതിയില്ല. അല്ലെങ്കിൽ ഞാനെന്റെ ജീവിതം അന്നേ അവസാനിപ്പിച്ചേനെ..! "

അടികിട്ടി നിൽക്കക്കള്ളിയില്ലാതെ തിരുവണ്ണാമലൈ വിട്ടോടി പെരുവഴിയിൽ അങ്ങനെ നിൽക്കുമ്പോഴാണ് ബാംഗ്ലൂരിലെ ധനികനായ ഒരു ചെട്ടിയാർ രക്ഷകനായി രാജശേഖരന്റെ കണ്മുന്നിൽ അവതരിക്കുന്നത്. ആ ചെട്ടിയാരുടെ അടുത്ത ഏതോ ബന്ധുവിന് എന്തോ മാറാരോഗം. 'അനുഗ്രഹിച്ച്' അസുഖം ഭേദപ്പെടുത്തണമത്രേ. അന്നത്തെ അവസ്ഥയിൽ മുൻപിൻ നോക്കാനുണ്ടായിരുന്നില്ല. അനുഗ്രഹമെങ്കിൽ അനുഗ്രഹം. നിത്യാനന്ദ നേരെ അങ്ങോട്ടുവിട്ടു. ആ രോഗിയെ അകമഴിഞ്ഞ് അനുഗ്രഹിച്ചു. എന്തോ ഭാഗ്യത്തിന് അയാളുടെ അസുഖം ഭേദപ്പെട്ടു. അതോടെ ചെട്ടിയാർ മുതലാളിക്ക് ആ യുവ സന്യാസിയെ വിശ്വാസമായി. മുൻ‌കൂർ പറഞ്ഞുറപ്പിച്ച 101 രൂപ ദക്ഷിണയായി നൽകി. രാജശേഖരന്റെ ജീവിതത്തിലെ ആദ്യത്തെ വൻ ദക്ഷിണ. എന്നാൽ ശരി അടുത്ത ഏതെങ്കിലും അമ്പലം തേടി പൊയ്ക്കളയാം എന്നുകരുതി യാത്രപറഞ്ഞിറങ്ങിയ രാജശേഖരനുമുന്നിൽ ചെട്ടിയാർ മുതലാളി അടുത്ത ഓഫർ വെച്ചു. ആഴ്ചയിൽ ഒരിക്കൽ ചെട്ടിയാരുടെ മാളികയിലേക്ക് സന്ദർശനത്തിന് വരണം. ഊരിലെ മറ്റുള്ള ഭക്തർക്ക് അനുഗ്രഹം നൽകി അവരുടെ അസുഖങ്ങളും കൂടി ഭേദപ്പെടുത്തണം. നിനച്ചിരിക്കാതെ കൈവന്ന അവസരമല്ലേ എന്നോർത്ത് രാജശേഖരൻ അതും സ്വീകരിച്ചു. ആഴ്ചയിൽ 101 രൂപ എന്നൊക്കെ പറഞ്ഞാൽ അന്നയാൾക്ക് അത് വലിയ സംഖ്യയായിരുന്നു. 

അങ്ങനെ ശനിയും ഞായറും അവിടെ ചെന്നു. അവർ കൊടുത്ത ഭക്ഷണം കഴിച്ചു. അവർ പറഞ്ഞവരെ മന്ത്രോച്ചാരണങ്ങളോടെ അനുഗ്രഹിച്ചു. അവരിൽ ഭൂരിഭാഗം പേർക്കും യാദൃച്ഛികമെന്നോണം അസുഖം ഭേദപ്പെട്ടുകൊണ്ടിരുന്നു. ഒരു ദിവസം ഒരു ഭക്ത വന്നു. അവർക്ക് ദീർഘകാലമായി സന്താനസൗഭാഗ്യമില്ലായിരുന്നു. ഒരു താലം നിറച്ച് പഴങ്ങളോടെ വന്നുപറഞ്ഞു. " സ്വാമി, എനിക്കൊരു കുഞ്ഞിക്കാല് കാണാൻ വേണ്ടി അനുഗ്രഹം തരണം. " ആ പഴക്കൂടയിൽ സ്പർശിച്ചുകൊണ്ട് നിത്യാനന്ദ അനുഗ്രഹിച്ചു, " സന്താന സൗഭാഗ്യവതീ ഭവ" 

അനുഗ്രഹിച്ച വേളയിൽ നിത്യാനന്ദയുടെ ശ്രദ്ധയിൽ പെടാതെ പോയ ഒരു കാര്യമുണ്ടായിരുന്നു. പഴക്കൂടയിലുണ്ടായിരുന്ന പൈനാപ്പിളിനുമേൽ സ്പർശിച്ചുകൊണ്ടായിരുന്നു നിത്യൻ അനുഗ്രഹിച്ചത്. അന്നത്തെ ആ ഗർഭത്തിന്റെ ക്രെഡിറ്റ് രണ്ടുപേർ പങ്കിട്ടു. ഒന്ന്, സ്വാമി നിത്യാനന്ദ. രണ്ട്, പഴക്കൂടയിലെ പൈനാപ്പിൾ..! അന്ന്, 2003-ല്‍, ജൂനിയർ വികടൻ മാസികയിൽ, വലംപുരി ജോൺ എന്ന പത്രപ്രവർത്തകൻ നിത്യാനന്ദയെപ്പറ്റി ഒരു സചിത്ര ഫീച്ചർ തന്നെ കുറിച്ചു. " ഒരു പൈനാപ്പിൾ കൊണ്ട് സന്താനസൗഭാഗ്യമേകിയ ദിവ്യൻ, സ്വാമി നിത്യാനന്ദ" 

തന്റെ പ്രഭാഷണത്തിൽ നിത്യാനന്ദയും ചോദിക്കുന്നത് ഇതുമാത്രമാണ്," പൈനാപ്പിൾ കൊടുത്ത് അനുഗ്രഹിച്ച്, കുട്ടികളില്ലാത്തവർക്ക് സന്താനസൗഭാഗ്യം നൽകുന്നത് ഒരു തെറ്റാണോ? " അതുകൊണ്ടെന്തുണ്ടായി ? വാർത്ത വന്ന് അടുത്തനാൾ മുതൽ  ദിവസവും മുന്നൂറോളം പേർ പഴക്കൂടയുമായി ചെട്ടിയാരുടെ വീടിനുമുന്നിൽ വന്നു വരി നിൽക്കുകയായി. അവരെ അനുഗ്രഹിക്കാതെ വിടുന്നതെങ്ങനെ?  ഒരു ദിവസം മുന്നൂറിൽ പരം കൈതച്ചക്കകളിൽ സ്പർശിച്ച് അനുഗ്രഹം നൽകി. നിത്യാനന്ദയുടെ കൈവെള്ളകൾ കൈതമുള്ളുകൊണ്ട് ചുവന്നു. 

നിത്യാനന്ദയുടെ ജനപ്രീതി വർധിച്ചുവന്നപ്പോൾ ചെട്ടിയാർ കുറേക്കൂടി ലാഭകരമായ ഒരു ഓഫർ മുന്നോട്ടുവെച്ചു. ആഴ്ചയിൽ രണ്ടു ദിവസം എന്നത് മാറ്റി മാസത്തിൽ ഒരു നിശ്ചിത സംഖ്യ ദക്ഷിണ എന്നാക്കി. ദിവസവും ഭക്തരെ അനുഗ്രഹിക്കണം. പകരം, ഭക്ഷണത്തിനും താമസത്തിനും മറ്റുചെലവുകൾക്കും പുറമെ ആയിരത്തൊന്നു രൂപ ദക്ഷിണയായി നൽകും ചെട്ടിയാർ. ഈ ഡീൽ നേരത്തേതിലും ആകർഷകമായിരുന്നതിനാൽ അതും നിത്യാനന്ദൻ ചാടിപ്പിടിച്ചു. അങ്ങനെ ബെംഗളൂരുവിലെ ചെട്ടിയാരുടെ വീട്ടിൽ ആയിരത്തൊന്നു രൂപ മാസശമ്പളത്തിന് കൂലിവേല ചെയ്തുകൊണ്ടിരുന്നതാണ് നിത്യാനന്ദ എന്ന രാജശേഖരമുതലിയാർ. ഇപ്പോഴും അതേ കൂലിവേല തന്നെയാണ് താൻ ചെയ്യുന്നത് എന്ന് നിത്യാനന്ദ പറയുന്നു. ഒറ്റവ്യത്യാസം മാത്രം. അന്ന് ചെട്ടിയാരുടെ കൂലിവേല, ഇന്ന് ദൈവത്തിന്റെ, മധുരൈ മീനാക്ഷിയുടെ, പരമശിവന്റെ ആധ്യാത്മിക കൂലിവേല അത്രമാത്രം. 


" മുത്തയ്യാ ചെട്ടിയാരുടെ മാളികയിൽ കൂലിവേല ചെയ്തിരുന്ന പയ്യനായിരുന്നു ഞാൻ ഒരിക്കൽ  എന്നതിൽ ഇന്നെനിക്ക് അഭിമാനമുണ്ട്." എന്നാണ് നിത്യാനന്ദ പറയുന്നത്. തിരുവണ്ണാമലയിൽ നൂറുകണക്കിന് ആശ്രമങ്ങളുണ്ട്. അവിടെ നിന്ന് തന്നെ അടിച്ചോടിച്ചില്ലായിരുന്നെങ്കിൽ ഇന്നും അവയിൽ ഒന്നായി തന്റെ ആശ്രമവും തുടർന്നിരുന്നേനെ എന്ന് നിത്യാനന്ദ തന്റെ പ്രസംഗത്തിൽ തികഞ്ഞ വൈകാരികതയുടെ പറഞ്ഞുവെക്കുന്നുണ്ട്. അവിടെ നിന്ന് അടികിട്ടി, നിൽക്കക്കള്ളിയില്ലാതെ ഓടി ബെംഗളൂരുവിൽ വന്ന് താമസമാക്കി. അവിടെ ഭക്തരിൽ ഒരാൾ ഭൂമി ദാനം ചെയ്ത്, വേണ്ട ധനസഹായം ചെയ്താണ് ആദ്യത്തെ ആശ്രമം നിത്യാനന്ദ തുടങ്ങുന്നത്. അവിടെയെങ്കിലും ഉപദ്രവിക്കാതെ വിട്ടിരുന്നെങ്കിൽ ബെംഗളൂരുവിലെ അറിയപ്പെടാതെ ഉള്ള പല ആശ്രമങ്ങളിൽ ഒന്നായി അതും ഒടുങ്ങിയേനെ. അവിടെയും 'ശിവനേ...' എന്ന് ധ്യാനിച്ചിരുന്ന തന്നെ ചില ആളുകൾ ചേർന്ന് അവിടെയും നിൽക്കാൻ അനുവദിക്കില്ലെന്ന ഒറ്റവാശിയിൽ അവിടെന്നും അടിച്ചോടിച്ചെന്ന് നിത്യാനന്ദ പറയുന്നു. 

ബെംഗളൂരുവിൽ നിന്ന് അടികൊണ്ടോടിയ നിത്യൻ പിന്നീട് പൊങ്ങുന്നത് മധുരയിലാണ്. " മധുരൈയിലെങ്കിലും എന്നെ വെറുതെ വിട്ടുകൂടായിരുന്നോ നിങ്ങൾക്ക്..? " നിത്യാനന്ദ ചോദിക്കുന്നു," ഞാൻ പരമാവധി അവിടെ എന്തുചെയ്‌തേനെ? മീനാക്ഷീ.. മീനാക്ഷീ... എന്ന നാമജപത്തോടെ കോവിൽ നിത്യം നാലഞ്ചു വട്ടം പ്രദക്ഷിണം വെച്ച്, രണ്ടുരുള പുളിയോധരയും രണ്ടുരുള തൈരുസാദവും ശാപ്പിട്ട് ആർക്കും ഒരു പ്രശ്നവും ഉണ്ടാക്കാതെ അവിടെ കഴിഞ്ഞുകൂടിയേനെ. വരുന്നവരോട് പുരാണത്തെയും വേദത്തെയും പറ്റി പറഞ്ഞേനെ, മധുരൈ മീനാക്ഷി ചരിത്രം വിളമ്പിയേനെ. അതിൽ കൂടുതൽ ഒന്നും ചെയ്യില്ലായിരുന്നു. അവിടെ വന്നുപോകുന്ന ആയിരക്കണക്കിന് സന്യാസിമാരിൽ ഒരാളായി മണ്മറഞ്ഞു പോയേനെ.  അവിടെയെങ്കിലും എന്നെ വെറുതെ വിട്ടുകൂടായിരുന്നോ...?" നിത്യാനന്ദ ഗദ്ഗദകണ്ഠനാകുന്നു. 


അന്ന് നിത്യാനന്ദയ്ക്ക് മധുരയിൽ ഉണ്ടായിരുന്നത് 200x100 അടിയുടെ ഒരു ചെറിയ ആശ്രമം ആയിരുന്നു. അവിടെയും തന്നെ കഴിയാൻ അനുവദിച്ചില്ല ഈ ലോകം എന്ന് നിത്യാനന്ദ ആരോപിക്കുന്നു. അടി, നിൽക്കക്കള്ളിയില്ലാതെ അടി അവിടെയും നിത്യാനന്ദയെ തേടിയെത്തി. മധുരൈ മീനാക്ഷി കോവിലിനെ വട്ടംചുറ്റി ഓടിച്ചിട്ടടിച്ചു നാട്ടുകാർ. അവിടെനിന്നങ്ങോട്ട് തന്റെ കൂടെ നിന്നത് മധുരൈ മീനാക്ഷി ആണെന്ന് നിത്യാനന്ദ അവകാശപ്പെടുന്നു. "താൻ മീനാച്ചീ.. മീനാച്ചീ..." എന്ന് കരഞ്ഞുവിളിച്ചപ്പോൾ, " എന്നാച്ച്... എന്നാച്ച്..." എന്ന് ചോദിച്ചുകൊണ്ട് തന്റെ പ്രശ്നങ്ങളൊക്കെ പരിഹരിച്ചത് മീനാക്ഷി തന്നെയാണ് എന്ന് നിത്യാനന്ദ അവകാശപ്പെടുന്നു. അമ്പലത്തിൽ കയറരുത് എന്ന് വിലക്കിയപ്പോൾ മീനാക്ഷിയുടെ അനുഗ്രഹം കൊണ്ട് സ്വന്തമായി അമ്പലം തന്നെ പണിതുകിട്ടി. ആശ്രമത്തിലേക്ക് പ്രവേശിക്കരുത് എന്ന് വിലക്കി. വലിയൊരു ആശ്രമം തന്നെ മീനാക്ഷിയുടെ അനുഗ്രഹത്തിൽ ആശ്രമവും വലുതൊന്ന് കെട്ടിക്കിട്ടി. ഒടുവിൽ പാസ്പോർട്ട് പുതുക്കിക്കിട്ടാതെ വന്നപ്പോഴും താൻ സമീപിച്ചത് അഭീഷ്ടവരദായിനിയായ മധുരൈ മീനാക്ഷിയെ തന്നെയാണ് എന്നും അവകാശപ്പെട്ടുകൊണ്ടാണ് നിത്യാനന്ദ തന്റെ കുമ്പസാരം അവസാനിപ്പിക്കുന്നത്. 

നിത്യാനന്ദ ഇന്ന് ഏറെ കുപ്രസിദ്ധനായ ഒരു ആൾദൈവമാണ്. കുപ്രസിദ്ധൻ എന്നുതന്നെ പറയണം, കാരണം കോടിക്കണക്കിനു രൂപയുടെ ആസ്തിയും സ്വർണ്ണശേഖരവും പതിനായിരക്കണക്കിന് ഭക്തരുമൊക്കെ ഉണ്ടെങ്കിലും, കേസും കൂട്ടവും കാരണം നാട്ടിൽ നിൽക്കാനാവുന്നില്ല. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നിങ്ങനെ ജാമ്യം പോലും കിട്ടാത്ത പല വകുപ്പുകൾ ചുമത്തിക്കൊണ്ടുള്ള കേസുകളാണ്. ഒരുവട്ടം അകത്തുപോയാൽ പിന്നെ പുറംലോകം കണ്ടെന്നുവരില്ല. അതുകൊണ്ട് ഉള്ളതെല്ലാം കെട്ടിപ്പെറുക്കി നേപ്പാൾ വഴി കരീബിയൻ ദ്വീപുകളിലേക്ക് കടന്ന് 'കൈലാസ' എന്ന പുതിയൊരു രാജ്യം തന്നെ സ്ഥാപിച്ചതായാണ് സൂചന.
 

Follow Us:
Download App:
  • android
  • ios