Asianet News MalayalamAsianet News Malayalam

Army Helicopter crash : അപകടം ഞെട്ടിക്കുന്നതെന്ന് ​ഗ‍ഡ്കരി, പ്രാർത്ഥനകളെന്ന് രാഹുല്‍

ദുഖകരമായ വാര്‍ത്തയെന്നും എല്ലാവരുടേയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നെന്നും അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. 

Nitin Gadkari and Rahul Gandhi respond to helicopter crash
Author
Delhi, First Published Dec 8, 2021, 2:54 PM IST

ദില്ലി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് (CDS Bipin Rawat) സഞ്ചരിച്ച ഹെലികോപ്ടർ തകര്‍ന്ന സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി നേതാക്കള്‍. വാര്‍ത്ത ഞെട്ടിക്കുന്നതെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി (Nitin Gadkari) പറഞ്ഞു. ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന ബിപിൻ റാവത്തും ഭാര്യയും മറ്റുള്ളവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. എല്ലാവരും വളരെ വേഗം സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നതായും രാഹുല്‍ ഗാന്ധി കുറിച്ചു. ദുഖകരമായ വാര്‍ത്തയെന്നും എല്ലാവരുടേയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നെന്നും അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. 

ഊട്ടിക്ക് അടുത്ത് കൂനൂരിലാണ് ഉച്ചയോടെ ഹെലികോപ്ടര്‍ തകർന്ന് വീണത്. ജനറൽ ബിപിൻ റാവത്തിനെ കൂടാതെ അദ്ദേഹത്തിൻ്റെ പത്നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. സംയുക്ത സൈനികമേധാവി ജനറൽ ബിപിൻ റാവത്തിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ. അപകടസ്ഥലത്ത് നിന്നും അഞ്ച് മൃതദേങ്ങൾ ഇതുവരെ കണ്ടെടുത്തതായി വാ‍ർത്താ ഏജൻസി അറിയിച്ചു.

സൂളൂർ എയർ സ്റ്റേഷനിൽ നിന്ന് നിന്ന് വെല്ലിംഗ്ടൺ സൈനിക കോളേജിലേക്ക് പോകുമ്പോഴാണ് ദുരന്തമുണ്ടായത്. വെല്ലിംഗ്ടണിൽ ഒരു സെമിനാറിൽ സംസാരിക്കാൻ വേണ്ടി യാത്ര ചെയ്യുകയായിരുന്നു ജനറൽ ബിപിൻ റാവത്തും കുടുംബവും സ്റ്റാഫംഗങ്ങളും. പന്ത്രണ്ടരയോടെയാണ് സൂളൂരിൽ നിന്ന് ഹെലികോപ്റ്റർ പറന്നുയർന്നത്. സൂളൂരിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് അധികം ദൂരമില്ല. ഹെലികോപ്റ്റർ പറന്നുയർന്ന് അൽപസമയത്തിനകം തന്നെ ദുരന്തമുണ്ടായി. സംഭവത്തിൽ വ്യോമസേന വിദഗ്ധ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. 

Follow Us:
Download App:
  • android
  • ios