സോലാപൂര്‍: മഹാരാഷ്ട്രയിലെ സോലാപൂരില്‍ പൊതു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു. സോലാപൂർ സർവ്വകലാശാലയിലെ പരിപാടിക്കൊടുവിൽ ദേശീയ ഗാനാലാപനത്തിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

നിതിന്‍ ഗഡ്കരിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. തൊണ്ടയിലെ അസുഖത്തിന് കഴിച്ച മരുന്നിന്റെ പാർശ്വഫലമായി മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് എന്നാണ് പ്രാഥമിക നിഗമനം. മന്ത്രി മറ്റ് പരിപാടികൾ റദ്ദാക്കി നാഗ്പൂരിലേക്ക് മടങ്ങി.

കഴിഞ്ഞ വർഷം ഡിസംബറിൽ അഹമദ്നഗറിലെ മഹാത്മാഗാന്ധി കാർഷിക സർവ്വകലാശാലയിലെ ബിരുദ ദാന ചടങ്ങിൽ പങ്കെടുക്കുമ്പോഴും നിതിൻ ഗഡ്ക്കരി കുഴഞ്ഞുവീണിരുന്നു. അന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാൻ ഇടയാക്കിയതെന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചിരുന്നു.