Asianet News MalayalamAsianet News Malayalam

'വാഹന നിയമ ലംഘനത്തിന്‍റെ ഉയര്‍ന്ന പിഴ പിന്‍വലിക്കില്ല'; ആവര്‍ത്തിച്ച് കേന്ദ്രഗതാഗത മന്ത്രി

മോട്ടോർവാഹന നിയമഭേദഗതിക്കെതിരെ ബിജെപി മുഖ്യമന്ത്രിമാർ തന്നെ രംഗത്തുവരുമ്പോഴാണ്  ഗഡ്കരി നിലപാടിൽ ഉറച്ചു നില്‍ക്കുന്നത്. 

Nitin Gadkari says that penalty amount will not be reduced
Author
Delhi, First Published Sep 13, 2019, 1:33 PM IST

ദില്ലി: മോട്ടോർവാഹന നിയമഭേദഗതിയിലെ ഉയർന്ന പിഴ പിൻവലിക്കില്ലെന്ന നിലപാടാവർത്തിച്ച് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി. മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് നിയമത്തിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തുമെന്ന് നിതിൻ ഗഡ്‍കരി അറിയിച്ചു. മോട്ടോർവാഹന നിയമഭേദഗതിക്കെതിരെ ബിജെപി മുഖ്യമന്ത്രിമാർ തന്നെ രംഗത്തുവരുമ്പോഴാണ്  ഗഡ്കരി നിലപാടിൽ ഉറച്ചു നില്‍ക്കുന്നത്. 

ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് ഉയർന്ന പിഴയെന്ന വാദം ഗഡ്‍കരി ആവർത്തിച്ചു. മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചർച്ചയോടെ എതിർപ്പ് അവസാനിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗഡ്കരി പറ‍ഞ്ഞു. പിഴ കുറയ്ക്കാനുള്ള ഗുജറാത്തിന്‍റെയും ഉത്തരാഖണ്ഡിന്‍റെയും തീരുമാനത്തിലും ഗഡ്കരിക്ക് അതൃപ്തിയുണ്ട്. ഗഡ്കരിയുടെ നിലപാടിനെ വിദേശകാര്യ സഹമന്ത്രി വി മുരളീധരനും പിന്തുണച്ചു.

സ്ഥിതി നിരീക്ഷിക്കുകയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.  ഏതെങ്കിലും വ്യവസ്ഥ ജനങ്ങളെ വലയ്ക്കുന്നുവെങ്കിൽ അതു മാറ്റാൻ ദില്ലി സർക്കാർ ശ്രമിക്കുമെന്നും കെജ്‍രിവാള്‍ പറഞ്ഞു. ബിജെപി ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങൾ പിഴ കുറച്ചപ്പോൾ നാലു സംസ്ഥാനങ്ങൾ കുറയ്ക്കണം എന്ന നിലപാട് കേന്ദ്രത്തെ അറിയിച്ചിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രിമാരുടെ യോഗത്തിന് മുമ്പ് ബിജെപിക്കുള്ളിൽ ധാരണയുണ്ടാക്കാനും ഗഡ്കരി ശ്രമിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios