പട്‌ന: നിതീഷ് കുമാര്‍ സര്‍ക്കാര്‍ ബിഹാറിലെ ദളിതുകളുള്‍പ്പടെയുള്ള പിന്നാക്ക വിഭാഗങ്ങളെ അവഗണിച്ചെന്ന് ബിഹാര്‍ ദളിത് വികാസ് സമിതി. സര്‍ക്കാരിനെ അഴിമതി അടിമുടി വിഴുങ്ങിയിരുന്നതിനാല്‍ ക്ഷേമപദ്ധതികളൊന്നും പാവപ്പെട്ടവരിലേക്ക് എത്തിയില്ലെന്ന് ബിഹാര്‍ ദളിത് വികാസ് സമിതിയുടെ അസിസ്റ്റന്റ് ഡയറക്ടറും മലയാളിയുമായ ഫാദര്‍ ജോസ് കാരിയക്കാട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

നീതി ആയോഗിന്റെ കണക്കുകളിലും ഏറ്റവും മോശം പ്രകടനം നടത്തിയ സംസ്ഥാനങ്ങളിലൊന്ന് ബിഹാറാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങളെ തിരിഞ്ഞു നോക്കിയതേയില്ലെന്നാണ് ഫാദര്‍ ജോസ് കാരിയക്കാട് പറയുന്നത്. പൊതുവിതരണ സമ്പ്രദായം പാടേ താളം തെറ്റി. ക്ഷേമ പദ്ധതികള്‍ മുടങ്ങി കിടക്കുന്നു. തൊഴിലുറപ്പ് പദ്ധതി നിശ്ചലമായി. പരാതികളുമായി ദളിത് വികാസ് സമിതി സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. 

പദ്ധതി വിഹിതം ഉദ്യോഗസ്ഥര്‍ പോക്കറ്റിലാക്കുകയാണെന്നും ബിഹാറിലെ ആകെ ജനസംഖ്യയുടെ പകുതിയിലേറയെും പിന്നാക്ക വിഭാഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, പോഷകാഹാരലഭ്യത, എന്നിവയില്‍ സംസ്ഥാനം ഏറെ പിന്നിലാണെന്നാണ് നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചിക വ്യക്തമാക്കുന്നത്.

നൂറില്‍ 24 പോയിന്റാണ് ബിഹാര്‍ നേടിയത്. സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. എഴുപതുകളില്‍ ബിഹാറിലെത്തിയതാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ഫാദര്‍ ജോസ് കാരിയക്കാട് ആദിവാസികള്‍ക്കും മറ്റ് പിന്നാക്കവിഭാഗങ്ങള്‍ക്കുമിടയില്‍ ഏറെക്കാലമായി പ്രവര്‍ത്തിക്കുന്നു.