Asianet News MalayalamAsianet News Malayalam

ബിഹാറിൽ നിതീഷ് സർക്കാർ തിങ്കളാഴ്ച അധികാരമേൽക്കും; സത്യപ്രതിജ്ഞാ ചടങ്ങ് കൊവിഡ് മാനദണ്ഡം പാലിച്ച്

മന്ത്രിസ്ഥാനത്തേക്കില്ലെന്ന് മുന്‍മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവുമായ ജിതന്‍ റാം മാഞ്ചി വ്യക്തമാക്കി. ജിതന്‍ റാം മാഞ്ചിക്ക് ഗവര്‍ണ്ണര്‍ സ്ഥാനം ബിജെപി വാഗ്ദാനം ചെയ്തതായി സൂചനയുണ്ട്.

Nitish Kumar to be sworn in as cm on Monday cabinet to be decided
Author
Patna, First Published Nov 13, 2020, 12:20 PM IST

പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭ രൂപീകരണം ചര്‍ച്ചചെയ്യാന്‍ ഉച്ചക്ക് ശേഷം എന്‍ഡിഎ യോഗം ചേരും. വോട്ടെണ്ണലില്‍  ക്രമക്കേടെന്ന മഹസഖ്യത്തിന്‍റെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. 

അങ്ങനെ തുടര്‍ച്ചയായ നാലാം തവണയും നിതീഷ് കുമാര്‍ ബിഹാര്‍ സര്‍ക്കാരിന്‍റെ അമരക്കാരനാകുകയാണ്. പ്രധാന വകുപ്പുകള്‍ ജെഡിയുവിന് തന്നെ വേണമെന്ന നിബന്ധനയോടെയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്. സഖ്യത്തില്‍ കൂടുതല്‍ സീറ്റുകളുള്ള ബിജെപിയും ഇതിനായി നീക്കം നടത്തിയിരുന്നു. നിതീഷിനെ പിണക്കേണ്ടെന്ന നിലപാടില്‍ ബിജെപി  വിട്ടുവീഴ്ചക്ക് തയ്യാറായേക്കും. 

മന്ത്രിസ്ഥാനത്തേക്കില്ലെന്ന് മുന്‍മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവുമായ ജിതന്‍ റാം മാഞ്ചി വ്യക്തമാക്കി. ജിതന്‍ റാം മാഞ്ചിക്ക് ഗവര്‍ണ്ണര്‍ സ്ഥാനം ബിജെപി വാഗ്ദാനം ചെയ്തതായി സൂചനയുണ്ട്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടു കച്ചവടം നടത്തിയെന്ന ഗുരുതര ആരോപണം ജിതന്‍ റാം മാഞ്ചി ഉന്നയിച്ചു. 

അടിത്തറ നഷ്ടപ്പെട്ട  കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കിയത് മഹാസഖ്യത്തിന് തിരിച്ചടിയായെന്ന്  സിപിഐഎംല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ പാറ്റ്നയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 70 സീറ്റ് കോണ്‍ഗ്രസിന് നല്‍കിയതാണ് മഹാസഖ്യത്തിന്‍റെ പരാജയത്തിന് കാരണമായതെന്നും, വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഹകരണം സിപിഎമ്മിന് തിരിച്ചടിയാകുമെന്നും ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു. 

പോസ്റ്റല്‍ വോട്ടുകള്‍ റദ്ദാക്കി ഇരുപതിലേറെ മണ്ഡലങ്ങളില്‍  വിജയം എന്‍ഡിഎക്ക് അനുകൂലമാക്കിയെന്ന  തേജസ്വി യാദവിന്‍റെ ആരോപണം തെരഞ്ഞെടുപ്പ്  കമ്മീഷന്‍ തള്ളി. സ്ഥാനാര്‍ത്ഥിയുടെ പരാതിയില്‍ ഹില്‍സ മണ്ഡലത്തിലെ മാത്രം പോസ്റ്റല്‍ വോട്ടുകള്‍ വീണ്ടുമെണ്ണിയെന്നും  ക്രമക്കേടൊന്നും കണ്ടെത്തിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു.  

Follow Us:
Download App:
  • android
  • ios