Asianet News MalayalamAsianet News Malayalam

നിവാ‌‌‌ർ അടുത്ത 12 മണിക്കൂറിനുള്ളിൽ അതി തീവ്ര ചുഴലിക്കാറ്റായി മാറും; ചെന്നൈയിൽ ജാഗ്രതാ നിർദ്ദേശം

ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ ഏഴ് ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. നഗരത്തിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. 

nivar cyclone strengthens Tamil Nadu on high alert
Author
Chennai, First Published Nov 25, 2020, 8:46 AM IST

ചെന്നൈ: നിവാർ ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളിൽ അതി തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 145 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. ചെന്നൈയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്, നഗരത്തിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. 

ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ ഏഴ് ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. പുതുച്ചേരി,ആന്ധ്ര തീരങ്ങളിലും അതീവ ജാഗ്രത തുടരുന്നു.

കാരയ്ക്കലിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഒൻപത് ബോട്ടുകൾ ഇതുവരെ കണ്ടെത്താനാവാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിവാർ ചുഴലിക്കാറ്റിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് നേരത്തെ വിലക്കിയിരുന്നു. ചൊവ്വാഴ്ചയാണ് ഈ ബോട്ടുകൾ കടലിലേക്ക് പോയത്. കാരയ്ക്കലിൽ നിന്നും പോയ 23 ബോട്ടുകളിൽ ഈ ഒൻപതെണ്ണത്തെ മാത്രം ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഒൻപത് ബോട്ടുകളിലായി അൻപതിലേറെ മത്സ്യത്തൊഴിലാളികളാണ് കടലിലേക്ക് പോയതെന്നാണ് വിവരം. 

നിരവധി ട്രെയിന്‍ - വിമാന സര്‍വീസുകള്‍ റദ്ദാക്കി. തമിഴ്നാട്ടില്‍ ഇന്ന് പൊതു അവധി നല്‍കിയിരിക്കുയാണ്. പുതുച്ചേരിയില്‍ നാളെ വരെ നിരോധനാജ്ഞയാണ്. തീര മേഖലകളില്‍ നിന്ന് പരമാവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേന, നേവി, കോസ്റ്റ് ഗാര്‍ഡ് സേനാംഗങ്ങളേയും ദുരന്ത സാധ്യത മേഖലകളില്‍ വിന്യസിച്ചു. ആശങ്ക വേണ്ടെന്നും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

വടക്കൻ തമിഴ്നാട്ടിലെ കടലോര ജില്ലകളിൽ ക്യാമ്പുകൾ തുറന്നു. തീരമേഖലയിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചു. ഭക്ഷണവും കുടിവെള്ളവും ഉറപ്പ് വരുത്തിയെന്ന് സർക്കാർ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയെ കൂടുതൽ അംഗങ്ങളെ തീരമേഖലയിൽ വിന്യസിച്ചു. ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശങ്ങൾ ജനം കർശനമായി പാലിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. 

ചെന്നൈയിൽ നിന്നുള്ള സബ്ബർബൻ സർവ്വീസുകൾ ഉൾപ്പടെ 24 ട്രെയിനുകൾ ദക്ഷിണ റെയിൽവേ തൽക്കാലത്തേക്ക്  റദ്ദാക്കി. ചെന്നൈ ചെങ്കൽ പ്പേട്ട് ഉൾപ്പടെ ഏഴ് ജില്ലകളിൽ പൊതുഗതാഗതം വ്യാഴാഴ്ച വരെ നിർത്തിവച്ചു. ചെന്നൈ തുറമുഖം അടച്ചിട്ടു. പുതുച്ചേരിയിൽ രണ്ട് ദിവസത്തേക്ക് 144 പ്രഖ്യാപിച്ചു. തമിഴ്നാട് പുതുച്ചേരി ആന്ധ്രാ മുഖ്യമന്ത്രിമാരെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതി വിലയിരുത്തി. ആവശ്യമായ കേന്ദ്ര സഹായം ഉറപ്പ് നൽകി.

Follow Us:
Download App:
  • android
  • ios