ചെന്നൈ: തമിഴ്നാട് തീരത്തേക്ക് അതിവേഗം നീങ്ങുന്ന 'നിവാർ' ചുഴലിക്കാറ്റ് ബുധനാഴ്ച അർദ്ധരാത്രിയോടെയോ വ്യാഴാഴ്ച പുലർച്ചെയോടെയോ തീരത്ത് ആഞ്ഞടിക്കാൻ സാധ്യത. ഓഖി ആഞ്ഞടിച്ച 2017-ലേത് സമാനമായ കാലാവസ്ഥാസാഹചര്യങ്ങളാണ് തമിഴ്നാട് തീരത്ത് കാണപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. തമിഴ്നാടിന്‍റെ തീരപ്രദേശങ്ങളിൽ നിന്ന് മുപ്പതിനായിരത്തോളം പേരെയും പുതുച്ചേരിയിൽ നിന്ന് ഏഴായിരം പേരെയും ഒഴിപ്പിച്ചിട്ടുണ്ട്. മഴയും കാറ്റും ശക്തമായതോടെ 7 മണിയോടെ ചെന്നൈ വിമാനത്താവളം അടയ്ക്കും.

അതിതീവ്രചുഴലിക്കാറ്റായി മാറിയ നിവാർ തീരത്ത് കനത്ത നാശം വിതയ്ക്കാനാണ് സാധ്യതയെന്ന് തന്നെയാണ് കണക്കുകൂട്ടൽ. ദുരന്തസാധ്യത പരമാവധി കുറയ്ക്കാൻ കനത്ത ജാഗ്രതയാണ് തമിഴ്നാട് സർക്കാ‍ർ പുലർത്തുന്നത്. ഇതിന്‍റെ ഭാഗമായി 25 കമ്പനി ദുരന്തപ്രതികരണസേനയും, കോസ്റ്റ് ഗാർഡും, നാവികസേനയും, 14 ടീം കരസേനയും അതീവജാഗ്രതയോടെ തീരപ്രദേശങ്ങളിൽ തുടരുന്നു. തമിഴ്നാടിന്‍റെ 13 ജില്ലകളിൽ നാളെയും അവധി പ്രഖ്യാപിച്ചു. 

കനത്ത മഴയിൽ നിറഞ്ഞുകവിഞ്ഞതിനാൽ ചെന്നൈ നഗരത്തിന്‍റെ ഏറ്റവും വലിയ ശുദ്ധജലസ്രോതസ്സായ ചെമ്പരമ്പാക്കം തടാകത്തിൽ നിന്ന് ഒഴുക്കിവിടുന്ന ജലത്തിന്‍റെ അളവ് 1500 ക്യുസെക്സായി ഉയർത്തി. എംജിആർ കനാൽ, വിരുഗമ്പാക്കം കനാൽ, മാമ്പലം കനാൽ എന്നീ കൈവഴികളിലൂടെയെല്ലാം വെള്ളം കുതിച്ചൊഴുകുകയാണ്. ചെന്നൈ നഗരത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. 

ചെന്നൈ നഗരത്തിലും തമിഴ്നാടിന്‍റെ വടക്കൻ മേഖലയിലെ തീരപ്രദേശങ്ങളിലും കനത്ത മഴയും മണിക്കൂറിൽ 120 മുതൽ 130 കിലോമീറ്റർ വേഗതയിൽ വരെ ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

2015-ൽ ചെന്നൈ നഗരത്തെ ആകെ വിഴുങ്ങിയ പ്രളയത്തിന് കാരണം ചെമ്പരമ്പാക്കം അടക്കമുള്ള തടാകങ്ങൾ കൃത്യം സമയത്ത് തുറക്കാതെ, വെള്ളം തുറന്നുവിടാതിരുന്നതാണ്. തെരഞ്ഞെടുപ്പ് വരുന്ന മെയ് മാസത്തിൽ പടിവാതിലിലെത്തി നി‌ൽക്കേ, അന്നത്തെ ഗുരുതരമായ വീഴ്ച ആവർത്തിക്കാതിരിക്കാൻ കനത്ത ജാഗ്രതയിലാണ് സർക്കാർ. പൂണ്ടി, ചോളവാരം, റെഡ് ഹിൽസ്, ചെമ്പരമ്പാക്കം എന്നീ റിസർവോയറുകളിലെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കൃത്യമായി വെള്ളം പുറത്തുപോകുന്നുണ്ടോ എന്ന് പരിശോധിക്കുന്നുമുണ്ട്. 

നിവാർ ചുഴലിക്കാറ്റ് - അറിയേണ്ടത്

 • തമിഴ്നാട്ടിലെ എല്ലാ ബസ് സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. 
 • അവശ്യഗതാഗതസർവീസുകൾ മാത്രമേ അനുവദിക്കൂവെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്
 • ജനം പരമാവധി പുറത്തിറങ്ങരുതെന്ന് തമിഴ്നാട് സർക്കാരിന്‍റെ മുന്നറിയിപ്പുണ്ട്
 • വ്യാഴാഴ്ച രാവിലെ 6 മണി വരെ ജനം എവിടെയും കൂട്ടംകൂടരുത്
 • എല്ലാ കടകളും അടച്ചിടും
 • മിൽക്ക് ബൂത്തുകൾ, പെട്രോൾ പമ്പുകൾ, ആശുപത്രികൾ, അവശ്യമായി പ്രവർത്തിക്കേണ്ട സർക്കാർ ഓഫീസുകൾ എന്നിവ മാത്രമേ തുറക്കൂ
 • 1200 ദുരന്തപ്രതികരണസേനാംഗങ്ങളെ സംസ്ഥാനത്തും പുതുച്ചേരിയിലും ആന്ധ്രയിലുമായി വിന്യസിച്ചിട്ടുണ്ട്
 • അത്യാവശ്യമായി വന്നാൽ ഒഡിഷയിലെ കട്ടക്കിൽ നിന്നും, ആന്ധ്രയിലെ വിജയവാഡയിൽ നിന്നും കേരളത്തിൽ തൃശ്ശൂരിൽ നിന്നും അധികസംഘങ്ങൾ എത്തും
 • നാവികസേന സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്
 • വിപുലമായി ആശയവിനിമയത്തിനുള്ള സംവിധാനങ്ങളും ഊർജവിതരണസംവിധാനങ്ങളും തകരാറിലാവാൻ സാധ്യതയുണ്ടെന്ന് കണക്കുകൂട്ടുന്നുണ്ട്
 • തമിഴ്നാട്ടിലെ കൽപ്പാക്കത്തുള്ള മദ്രാസ് അറ്റോമിക് പവർ സ്റ്റേഷനുചുറ്റും അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്
 • മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകാൻ പാടില്ല. തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ അടിയന്തരമായി അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കണം.

നിവാർ ചുഴലിക്കാറ്റ് എവിടെയാണിപ്പോൾ? അറിയാം തത്സമയം, താഴെക്കാണുന്ന വിൻഡി മാപ്പ് സൂമിൻ ചെയ്യൂ..