കഴിഞ്ഞവർഷം നവംബറിലാണ് ഇന്ത്യൻ വംശജനായ ഇംഗ്ലീഷ് എഴുത്തുകാരനും ബുക്കർ പ്രൈസ് പുരസ്കാര ജേതാവുമായ സൽമാൻ റുഷ്ദിയുടെ ദി സാത്താനിക് വേഴ്സസിന്റെ നിരോധനം ദില്ലി ഹൈക്കോടതി എടുത്തുകളഞ്ഞത്.
ദില്ലി: സല്‍മാന്‍ റുഷ്ദിയുടെ ദി സാത്താനിക് വേഴ്‌സസ് എന്ന പുസ്തകം നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഹര്‍ജിക്കാര്‍ ഹൈക്കോടതി വിധിയെ വെല്ലുവിളിക്കുകയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കഴിഞ്ഞവർഷം നവംബറിലാണ് ഇന്ത്യൻ വംശജനായ ഇംഗ്ലീഷ് എഴുത്തുകാരനും ബുക്കർ പ്രൈസ് പുരസ്കാര ജേതാവുമായ സൽമാൻ റുഷ്ദിയുടെ ദി സാത്താനിക് വേഴ്സസിന്റെ നിരോധനം ദില്ലി ഹൈക്കോടതി എടുത്തുകളഞ്ഞത്.
1988ൽ പുസ്തകത്തിന്റെ ഇറക്കുമതി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞിരുന്നില്ല. ദില്ലി ഹൈക്കോടതിയുടെ ഈ സുപ്രധാന വിധിക്കെതിരെയാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പുസ്തകം ഇന്ത്യയിൽ ലഭ്യമായെന്നും അത് തടയണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാൽ ഹർജിക്കാർ ദില്ലി ഹൈക്കോടതി വിധിയെ വെല്ലുവിളിക്കുകയാണ് എന്ന് ചൂണ്ടികാട്ടി സുപ്രീംകോടതി ഹർജി തള്ളി.
1988ല്‍ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്നത്തെ രാജീവ് ഗാന്ധി സർക്കാർ പുസ്തകം ഇന്ത്യയിൽ നിരോധിച്ചത്. പുസ്തകത്തിൽ ദൈവനിന്ദ മതനിന്ദ എന്നിവ പരാമർശിക്കുന്ന അധ്യായങ്ങൾ ഉണ്ടെന്ന ആരോപണം കണക്കിലെടുത്തായിരുന്നു നടപടി. ഇതിന്റെ പേരിൽ പുസ്തകത്തിന്റെ എഴുത്തുകാരനായ റുഷ്ദിക്ക് പല തവണ വധഭീഷണിയും നേരിടേണ്ടി വന്നിരുന്നു.


