ദില്ലി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാവില്ല. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെട്ട കൂട്ടായ നേതൃത്വം പാർട്ടിയെ നയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. ഇന്നത്തെ നിലയ്ക്ക് പാർട്ടിക്ക് മുന്നോട്ടു പോകാനാവില്ലെന്നും മാറ്റങ്ങൾ അനിവാര്യമെന്നും താരിഖ് അൻവർ സോണിയഗാന്ധിക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കി.

നേതൃത്വത്തെക്കുറിച്ച്, ഞങ്ങളുടെ ദില്ലി പ്രതിനിധി താരിഖ് അൻവറിനോട് ചോദിക്കുമ്പോൾ ഇങ്ങനെയാണ് മറുപടി. 

''ചോദ്യം: ഉമ്മൻചാണ്ടിയോ രമേശ് ചെന്നിത്തലയോ? ഉത്തരം: കൂട്ടായ നേതൃത്വം ആയിരിക്കും നയിക്കുക. ചോദ്യം: മുഖ്യമന്ത്രി സ്ഥാനാർത്ഥിയോ? ഉത്തരം: തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കുകയില്ല. തെരഞ്ഞെടുപ്പിന് ശേഷം മാത്രം''

നിയമസഭാ തെരഞ്ഞെടുപ്പിലെ ഹൈക്കമാൻഡ് നിലപാട് വ്യക്തമാണ്. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആക്കിയാവില്ല പ്രചാരണത്തിലേക്ക് പോകുക. കൂട്ടായ നേതൃത്വം എന്ന് പറയുമ്പോൾ ഉമ്മൻചാണ്ടി മത്സരിക്കുമോ എന്നതാണ് ചോദ്യം. തീരുമാനം ഉമ്മൻചാണ്ടിക്കു തന്നെ ഹൈക്കമാൻഡ് വിട്ടിരിക്കുകയാണ്. മത്സരിക്കാനില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞാൽ അതും അംഗീകരിക്കും. 

പാർട്ടി തന്ത്രം മെനയാൻ സംവിധാനം അനിവാര്യമെന്ന് താരിഖ് അൻവർ പ്രാഥമിക റിപ്പോർട്ടിൽ അറിയിച്ചു. ഇപ്പോൾ ആര് എന്ത് തീരുമാനിക്കുന്നു പറയുന്നു എന്നതിലൊക്കെ ആശയക്കുഴപ്പമുണ്ട്. എല്ലാ വിഭാഗങ്ങളെയും കൂടെ നിറുത്തണം. ഗ്രൂപ്പുകൾക്ക് പകരം എല്ലാ നേതാക്കളെയും വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകണം. കഴിവുള്ളവരെ ഗ്രൂപ്പിന് അതീതമായി മത്സരിപ്പിക്കണം. ർ

കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെയോ യുഡിഎഫ് കൺവീനർ എംഎം ഹസ്സനെയോ മാറ്റണം എന്ന ശുപാർശ ആദ്യ റിപ്പോർട്ടിൽ ഇല്ല. ജനുവരി നാല്, അഞ്ച് തീയതികളിൽ വീണ്ടും കേരളത്തിലെത്തുന്ന താരിഖ് അൻവർ പോഷകസംഘടനകളിലെയും താഴെത്തട്ടിലെയും മാറ്റങ്ങൾ ചർച്ച ചെയ്യും. കേരളത്തിലെ എംപിയായ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയും തന്ത്രരൂപീകരണത്തിൽ എഐസിസി നിർദ്ദേശിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ഹൈക്കമാൻഡിൻറെ നിരീക്ഷണത്തിലാകും എന്ന സൂചനയും ഇത് നൽകുന്നു.