രാജ്യത്ത് ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണമെത്രയെന്ന് വ്യക്തതയില്ലെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ
ദില്ലി: കഴിഞ്ഞ 3 വർഷമായി രാജ്യത്ത് നടന്ന കർഷക ആത്മഹത്യയുടെ കണക്ക് കൈവശമില്ലെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണമെത്രയെന്ന് വ്യക്തതയില്ലെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു. ലോക്സഭയിലാണ് മന്ത്രിയുടെ പ്രതികരണം.
രാജ്യത്ത് ഏറ്റവും അധികം കർഷക ആത്മഹത്യ നടന്ന മഹാരാഷ്ട്രയില്‍ 2019 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ 800ലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായും ഏപ്രിലില്‍ മാത്രം 200ലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായും ദേശീയ മാധ്യമമായ മിറര്‍ നൗ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കർഷകർക്ക‌് നിരവധി ആനുകൂല്യങ്ങൾ നൽകുമെന്നും അഞ്ചു വർഷത്തിനകം കാർഷിക ഉൽപ്പാദനം ഇരട്ടിയാക്കുമെന്നും വാഗ‌്ദാനം നൽകിയാണ‌് 2014ൽ ബിജെപി അധികാരത്തിൽ വന്നത‌്. രാജ്യത്ത് കർഷക ആത്മഹത്യയുടെ എണ്ണം ക്രമാതീതമായി കൂടുന്നു എന്നുള്ളതിന്‍റെ അനൗദ്യോഗിക കണക്കുകൾ പുറത്തുവന്നു കൊണ്ടിരിക്കെ ഇതിന്‍റെ ഔദ്യോഗിക കണക്ക് പുറത്ത് വിടുന്നത് സർക്കാരിനെ പ്രതികൂലമായി ബാധിച്ചേക്കാം.
