മതപരിവർത്തനം, പ്രാർഥനായോഗങ്ങൾ തുടങ്ങിയവയ്ക്കായി ക്രിസ്ത്യൻ പാസ്റ്റർമാരും കന്യാസ്ത്രീകളും ഗ്രാമത്തിൽ പ്രവേശിക്കരുതെന്നാണ് ബോർഡിലെ മുന്നറിയിപ്പ്. ഗ്രാമസഭകളിൽ കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ബോർഡുകൾ സ്ഥാപിച്ചതെന്നാണ് വിശദീകരണം.
റായ്പുർ: ക്രിസ്ത്യൻ പുരോഹിതർക്കും പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശന വിലക്ക് ഏർപ്പെടുത്തി ഛത്തീസ്ഗഢിലെ ഗോത്രഗ്രാമങ്ങൾ. ഛത്തീസ്ഗഢിലെ സോഗ്ര, ഛഡിയ, ദുമാർതോളി, ടെമ്പു ഗ്രാമങ്ങളിലും ഏറ്റവുമൊടുവിൽ ജബ്ല ഗ്രാമത്തിലുമാണ് പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് പ്രവേശനം വിലക്കിയുള്ള ബോർഡുകളും ഗ്രാമങ്ങളിൽ സ്ഥാപിച്ചു.
മതപരിവർത്തനം, പ്രാർഥനായോഗങ്ങൾ തുടങ്ങിയവയ്ക്കായി ക്രിസ്ത്യൻ പാസ്റ്റർമാരും കന്യാസ്ത്രീകളും ഗ്രാമത്തിൽ പ്രവേശിക്കരുതെന്നാണ് ബോർഡിലെ മുന്നറിയിപ്പ്. ഗ്രാമസഭകളിൽ കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ബോർഡുകൾ സ്ഥാപിച്ചതെന്നാണ് വിശദീകരണം. വെള്ളിയാഴ്ച ജബ്ല ഗ്രാമത്തിലാണ് ഏറ്റവുമൊടുവിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ബിജെപി എംഎൽഎയായ റായ്മുനി ഭഗതിന്റെ സാന്നിധ്യത്തിലാണ് ഗ്രാമത്തിൽ ബോർഡ് സ്ഥാപിച്ചതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
മതപരിവർത്തനത്തിനായി പാസ്റ്റർമാരും കന്യാസ്ത്രീകളും ഗ്രാമങ്ങളിൽ വരുന്ന സാഹചര്യമുണ്ടെന്നും ഇതിനാലാണ് ഗ്രാമങ്ങളിലുള്ളവർ പ്രത്യേക ബോർഡ് സ്ഥാപിച്ചതെന്നുമാണ് ബിജെപി എംഎൽഎയുടെ പ്രതികരണം. ഗോത്രവിഭാഗങ്ങളുടെ പരമ്പരാഗതമായ ആചാരങ്ങളും സംസ്കാരവും സംരക്ഷിക്കാൻ ഗ്രാമസഭകൾക്ക് അധികാരമുണ്ടെന്നാണ് ഗ്രാമമുഖ്യന്മാരുടെ വാദം. ഇതനുസരിച്ചാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തി ബോർഡ് സ്ഥാപിച്ചതെന്നും ഇവർ പറയുന്നു. 1996-ലെ പെസ നിയമപ്രകാരമാണ്(പഞ്ചായത്ത് എക്സ്റ്റൻഷൻ ടു ഷെഡ്യൂൾഡ് ഏരിയാസ്) ഗ്രാമസഭകൾ ഇതിനുവേണ്ടി പ്രമേയം പാസാക്കിയതെന്നും ഇവർ വ്യക്തമാക്കി. കൂടുതൽ ഗ്രാമങ്ങളിൽ ഇതിനായി പ്രചാരണം നടത്തുമെന്ന് ജാഷ്പുർ ജൻപഥ് പഞ്ചായത്ത് പ്രസിഡന്റ് ഗംഗാ റാമും അറിയിച്ചു.
അതേസമയം, ഗ്രാമങ്ങളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരേ ക്രിസ്ത്യൻ ആദിവാസി മഹാസഭ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മതസ്വാതന്ത്ര്യത്തിനും തുല്യതയ്ക്കുമുള്ള ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നതാണ് ഗ്രാമങ്ങളിലെ തീരുമാനമെന്നും ഇതിനെതിരേ ജില്ലാ ഭരണകൂടത്തിനും പൊലീസിനും പരാതി നൽകിയതായും ബോർഡുകൾ നീക്കംചെയ്യാൻ ആവശ്യപ്പെട്ടതായും ക്രിസ്ത്യൻ ആദിവാസി മഹാസഭ നേതാവ് അനിൽ കിസ്പോട്ട അറിയിച്ചു.














