മുളകൊണ്ട് ഉണ്ടാക്കിയ ചെറിയ ഹട്ടുകളും വാഴയിലയുടെ തണലുമാണ് ഇവിടെ ഇരുന്ന് പരീക്ഷ എഴുതാൻ ഇവ‍ർക്ക് ആകെ ആശ്രയം...

ഐസ്വാൾ: കൊവി‍ഡ് വ്യാപനത്തെ തുടർന്ന് ഒരു വർഷത്തിലേറെയായി വിദ്യാഭ്യാസം ഓൺലൈൻ വഴിയാണ്. വാർഷിക പരീക്ഷകളും മറ്റ് ടെസ്റ്റുകളും നടത്തുന്നതും ഓൺലൈൻ വഴിതന്നെ. അങ്ങനെയിരിക്കെ മിസോറാമിലെ ഒരു ​ഗ്രാമത്തിലെ യുവാക്കൾ മുഴുവൻ ദിവസവും രാവിലെ മല കയറുകയും വൈകീട്ടോടെ തിരിച്ചിറങ്ങുകയും ചെയ്യുകയാണ്. ​ഗ്രാമത്തിൽ ഇന്റർനെറ്റില്ലാത്തതാണ് ഇവരെ ഈ സാഹസത്തിലെത്തിച്ചത്. 

ഓൺലൈൻ സെമസ്റ്റർ പരീക്ഷയെഴുതാൻ ഈ ​ഗ്രാമത്തിൽ ഇന്റർനെറ്റ് സൗകര്യമില്ല. ഐസ്വാളിൽ നിന്ന് 400 കിലോമീറ്റർ ദൂരെയുള്ള സൈഹ ജില്ലയിലെ മാവ്രെയ്​ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. മിസോറാം യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളായ ഏഴ് പേർ ട്ലാവോ ട്ലാ കുന്ന് കയറുന്നു. ഈ ​ഗ്രാമത്തിൽ ഇന്റർനെറ്റ് ലഭിക്കുന്ന ഏക സ്ഥലം ഈ കുന്നിൻ മുകളാണ്. 

മുളകൊണ്ട് ഉണ്ടാക്കിയ ചെറിയ ഹട്ടുകളും വാഴയിലയുടെ തണലുമാണ് ഇവിടെ ഇരുന്ന് പരീക്ഷ എഴുതാൻ ഇവ‍ർക്ക് ആകെ ആശ്രയം. സംസ്ഥാനത്തുടനീളമുള്ള 24000 കുട്ടികൾക്കാണ് യൂണിവേഴ്സിറ്റി ജൂണിൽ പരീക്ഷ നടത്തുന്നത്. രാജ്യം 5ജി ഇന്റർനെറ്റ് കണക്ഷനിലേക്ക് മാറാൻ തുടങ്ങുമ്പോൾ 1700 ഓളം പേർ താമസിക്കുന്ന ഈ ​ഗ്രാമത്തിൽ 2ജി നെറ്റ്‍വർക്ക് കണക്ഷൻ പോലും ലഭിക്കുന്നില്ല.