ശമ്പളം നൽകാത്തതിനെ തുടർന്ന് പുണെയിലെ ഒരു കമ്പനി ഓഫീസിന് പുറത്ത് ജീവനക്കാരൻ ഉറങ്ങിക്കൊണ്ട് പ്രതിഷേധിച്ചു. ജൂലൈ 29 മുതൽ ശമ്പളം ലഭിക്കാത്തതിനാൽ ഓഫീസിന് പുറത്ത് ഉറങ്ങാൻ നിർബന്ധിതനായെന്നും കത്തിൽ പറയുന്നു.
പുനെ: ശമ്പളം നൽകാത്തതിനെ തുടർന്ന് ഓഫീസിന് പുറത്ത് ഉറങ്ങിക്കൊണ്ട് പ്രതിഷേധിച്ച ജീവനക്കാരന്‍റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഹൃദയഭേദകമായ ഒരു കത്തും ഉറങ്ങുന്ന യുവാവിന്‍റെ അടുത്ത് ഉണ്ടായിരുന്നു. സ്ലീപ്പിംഗ് ബാഗിനുള്ളിൽ നടപ്പാതയിൽ ഉറങ്ങുന്ന ജീവനക്കാരനെ കാണാം. കത്തിൽ തനിക്ക് ശമ്പളം ലഭിക്കാത്തതിനാൽ ജൂലൈ 29, 2025 മുതല്‍ കമ്പനി ഓഫീസിന് പുറത്ത് ഉറങ്ങാൻ നിർബന്ധിതനാവുകയായിരുന്നു എന്നാണ് എഴുതിയിട്ടുള്ളത്. നിലവിൽ ജീവിക്കാൻ ഒരു പൈസ പോലും കൈവശമില്ലെന്നും കത്തിൽ പറയുന്നു.
കമ്പനിയുടെ എച്ച്ആറുമായി ജീവനക്കാരൻ ഈ വിഷയം സംസാരിച്ചെങ്കിലും, എച്ച്ആർ പ്രതികരിച്ചില്ലെന്നും മിണ്ടാതിരുന്നു എന്നും കത്തിൽ പറയുന്നു. ഒടുവിൽ, ഒരു അപൂർവമായ പ്രതിഷേധമെന്ന നിലയിൽ, ജീവനക്കാരൻ തന്‍റെ ഓഫീസിന് തൊട്ടുമുന്നിലെ നടപ്പാതയിൽ ഉറങ്ങാൻ തീരുമാനിക്കുകയായിരുന്നു. കത്തിലെ മറ്റ് ചില വിവരങ്ങൾ വ്യക്തമല്ല.
പ്രതിഷേധിച്ച ജീവനക്കാരൻ നിയമപരമായ നീങ്ങണമെന്നാണ് ഭൂരിഭാഗം നെറ്റിസൺമാരും നിർദ്ദേശിച്ചത്. ഇത്തരം വിഷയങ്ങളിൽ തൊഴിൽ മന്ത്രാലയം ഇടപെടേണ്ടതിന്‍റെ ആവശ്യകത ചിലർ ചൂണ്ടിക്കാട്ടി. ജീവനക്കാർ അമിതമായി ജോലി ചെയ്യാനും പ്രതിഫലമില്ലാതെ ഏറെ നേരം ജോലി ചെയ്യാനും നിർബന്ധിതരാകുന്ന പല ബഹുരാഷ്ട്ര കമ്പനികളുടെയും മോശം തൊഴിൽ സംസ്കാരത്തെയും പലരും വിമർശിച്ചു.
"ഇത് ഭയാനകമാണ്. ജീവനക്കാർ ആഴ്ചയിൽ 70+ മണിക്കൂർ ജോലി ചെയ്യാൻ അവർ ആഗ്രഹിക്കുന്നു, പക്ഷേ ശമ്പളം കൃത്യസമയത്ത് നൽകാൻ കഴിയില്ല," ഒരു ഉപയോക്താവ് പറഞ്ഞു. "ഇത് ശരിക്കും മോശമാണ്," മറ്റൊരാൾ അഭിപ്രായപ്പെട്ടു. "രാത്രി ഷിഫ്റ്റിൽ ജോലിക്ക് നിയോഗിച്ചതുകൊണ്ട് ഞാൻ മിക്കവാറും ഓഫീസിനുള്ളിൽ ഉറങ്ങിയിരുന്നു. വിഷമമൊന്നുമില്ല," വേറൊരാൾ ഓർമ്മിച്ചു. "അതുകൊണ്ടാണ് ഈ സ്വകാര്യ ജോലികൾ മോശമാകുന്നത്,"എന്നാണ് മറ്റെരാൾ പ്രതികരിച്ചത്.


