ദില്ലി: ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്ന അവസരത്തിൽ നൽകുന്ന കെ വൈ സി ഫോമിൽ (നോ യുവർ‌ കസ്റ്റമർ) മതം രേഖപ്പെടുത്തണമെന്ന് നിർബന്ധമില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം ഫിനാൻഷ്യൽ ഡിപ്പാർട്ട്മെന്റ് സെക്രട്ടറി രാജീവ് കുമാർ ട്വീറ്റ് ചെയ്തു. ഇന്ത്യൻ പൗരൻമാർ ബാങ്ക് അക്കൗണ്ടിൽ മതം രേഖപ്പെടുത്തണമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് ധനമന്ത്രാലയം ഈ വിഷയത്തിൽ വ്യക്തത നൽകി രം​ഗത്തെത്തിയിരിക്കുന്നത്. 

ബാങ്കുകളെ സംബന്ധിച്ച് പ്രചരിക്കുന്ന അടിസ്ഥാനമില്ലാത്ത അഭ്യൂഹങ്ങളിൽ ആരും വീണുപോകരുതെന്നും രാജീവ് കുമാർ മുന്നറിയിപ്പ് നൽകി. പാകിസ്ഥാൻ, അഫ്​ഗാനിസ്ഥാൻ, ബം​ഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതവിശ്വാസികൾ, ജൈനമതവിശ്വാസികൾ, ക്രിസ്ത്യൻ വിഭാ​ഗക്കാർ എന്നിവർക്ക് ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ തങ്ങളുടെ മതം തെളിയിക്കുന്ന രേഖകൾ ആവശ്യമാണെന്ന മാധ്യമ വാർത്തകൾക്ക് ശേഷമാണ് ഈ വെളിപ്പെടുത്തൽ.