മുംബൈ: മദ്യം ഓണ്‍ലൈനായി ഹോം ഡെലിവറി സംവിധാനം ഉപയോഗിച്ച് വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്ന് മഹാരാഷ്ട്രയിലെ എക്‌സൈസ് വകുപ്പ് അറിയിച്ചു. മഹാരാഷ്ട്രയിലെ ധാരാവിയില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ക്കൂടി മരിച്ചു.

ഇതോടെ ഇവിടെ മാത്രം നാലുപേരാണ് കൊവിഡ് ബാധിതരായി മരിച്ചത്. മഹാരാഷ്ട്രയിലെ വര്‍ധിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണം ആശങ്കയുളവാക്കുന്നതാണ്. 24 മണിക്കൂറിനിടെ 200 ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ആയിരം കടന്നിരുന്നു. ഇതിനിടെ നഗരത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നായ എപിഎംസി മാര്‍ക്കറ്റിലെ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ അടച്ച് പൂട്ടി.

ധാരാവിയിലടക്കം രോഗം പടരുന്ന ഇടകളിലെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും അടച്ചു. ഇതോടെ ജനജീവിതം കൂടുതല്‍ ദുസഹമായി. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മുംബൈ സെന്‍ട്രലിലെ നാല് ആശുപത്രികളാണ് അടഞ്ഞ് കിടക്കുന്നത്.ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് പരിഹരിക്കാന്‍ വിരമിച്ച ഡോക്ടര്‍മാരുടേയും നഴ്‌സ്മാരുടേയും സന്നദ്ധ സേവനം സര്‍ക്കാര്‍ തേടിയിരുന്നു. 9000 പേരാണ് ആദ്യ ദിനം മുന്നോട്ട് വന്നത്.