മരണ കാരണങ്ങളിലെവിടെയും ഓക്സിജന്‍ക്ഷാമം എന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നാണ്  ആരോഗ്യമന്ത്രി  അടിവരയിടുന്നത്.

ദില്ലി: ഓക്സിജന്‍ ക്ഷാമം മൂലം രാജ്യത്ത് കൊവിഡ് രോഗികള്‍ മരിച്ചിട്ടില്ലെന്ന കേന്ദ്ര നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ക്ഷാമമില്ലെങ്കില്‍ ആശുപത്രികള്‍ കോടതികളെ സമീപിച്ചതെന്തിനെന്ന് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ ചോദിച്ചു. നുണ പറയുന്നതിന് കേന്ദ്ര സർക്കാരിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. കേന്ദ്ര നിലപാടിനെതിരെ കോണ്‍ഗ്രസ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കും. 

കൊവിഡ് രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ക്ഷാമം മരണത്തിന് കാരണമായിട്ടില്ലെന്ന കേന്ദ്ര നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. സംസ്ഥാനങ്ങളില്‍ നിന്നോ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നോ ഓക്സിജന്‍ ക്ഷാമം മൂലം മരണമുണ്ടായി എന്ന റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയത്. മരണ കാരണങ്ങളിലെവിടെയും ഓക്സിജന്‍ ക്ഷാമം എന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി അടിവരയിടുന്നത്.

സര്‍ക്കാര്‍ ഇങ്ങനെ കൈമലര്‍ത്തുമ്പോള്‍ ഓക്ജിജന്‍ കിട്ടാതെ മരിച്ചവരുടെ കുടുംബങ്ങള്‍ എന്ത് പറയുമെന്ന് ശിവസേന ചോദിച്ചു. നുണ പറയുന്നതിന് നിയമ നടപടി സ്വീകരിക്കണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. കേന്ദ്രം യാഥാര്‍ത്ഥ്യം മറച്ച് വയക്കുകയാണെന്നും, ഓക്സിജന്‍ ക്ഷാമം ഉന്നയിച്ച് കോടതികള്‍ക്ക് മുന്നിലെത്തിയ ഹര്‍ജികള്‍ എന്താണ് വ്യക്തമാക്കുമെന്നതെന്നും ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ ചോദിച്ചു.

ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ച ദില്ലിയിലെ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പ്രതികരണം, ഹരിയാന, കര്‍ണ്ണാടക, ആന്ധ്ര സര്‍ക്കാരുകള്‍ കേന്ദ്രത്തിന് നല്‍കിയ അപേക്ഷകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ആരോഗ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുന്നത്. 

അതേ സമയം പ്രതിപക്ഷ കക്ഷികള്‍ കൊവിഡ് മരണത്തെ രാഷ്ട്രീയായുധമാക്കുകയാണെന്ന് ബിജെപി പ്രതികരിച്ചു. ആരോഗ്യം സംസ്ഥാന വിഷയമാണെന്നിരിക്കേ കൊവിഡ് മരണം സംബന്ധിച്ച് വിവരങ്ങള്‍ കേന്ദ്രമല്ല ശേഖരിക്കുന്നതെന്നും, സംസ്ഥാനങ്ങള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഓക്സിജന്‍ കിട്ടാതെ കൊവിഡ് രോഗികള്‍ മരിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടതെന്നും ബിജെപി വക്താവ് സംപീത് പത്ര പ്രതികരിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona