ദുംദും മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി നെപാല്‍ദേബ് ഭട്ടാചാര്യയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് കര്‍ദയില്‍ നടക്കേണ്ടിയിരുന്ന റോഡ് ഷോയാണ് അവസാന നിമിഷം സുരക്ഷ കാരണം ചൂണ്ടിക്കാട്ടി തടഞ്ഞത്. 

കൊല്‍ക്കത്ത: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കുന്ന റോഡ് ഷോയ്ക്ക് അവസാന നിമിഷം അനുമതി നിഷേധിച്ച് മമതാ സര്‍ക്കാര്‍. ദുംദും മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി നെപാല്‍ദേബ് ഭട്ടാചാര്യയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് കര്‍ദയില്‍ നടക്കേണ്ടിയിരുന്ന റോഡ് ഷോയാണ് അവസാന നിമിഷം സുരക്ഷ കാരണം ചൂണ്ടിക്കാട്ടി തടഞ്ഞത്. റോഡ് ഷോയ്ക്ക് ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് എത്തി മടങ്ങിയത്. 

റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച തൃണമൂല്‍ സര്‍ക്കാര്‍ നിലപാടിനെതിരെ സിപിഎം രംഗത്തെത്തി. സിപിഎമ്മിന്‍റെ റാലിക്ക് അവസാന നിമിഷം അനുമതി നിഷേധിക്കുന്നതാണ് തൃണമൂലിന്‍റെ ജനാധിപത്യ ശൈലിയെന്നും ത്രിപുരയില്‍ ബിജെപിക്ക് വിരുദ്ധമായി വോട്ട് ചെയ്യാന്‍ പോലും അനുവാദിക്കാതിരിക്കലാണ് ബിജെപി ശൈലിയെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ഇരു പാര്‍ട്ടികളും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണെന്നും സിപിഎമ്മിന് മാത്രമാണ് ജനാധിപത്യ ധ്വംസനത്തിന് മറുപടി നല്‍കാനാകുകയെന്നും യെച്ചൂരി പറഞ്ഞു.