അഹമ്മദാബാദ്: ബിജെപിയിലേക്കെന്ന വാര്‍ത്ത വ്യാജമാണന്നും ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച എംഎല്‍എ എന്ന നിലയിലുള്ളതാണെന്നും ഗുജറാത്ത് എംഎല്‍എയും ഒബിസി നേതാവുമായ അല്‍പേഷ് ഠാക്കൂര്‍. 'ഞാന്‍ ഗുജറാത്തിലെ എംഎല്‍എയാണ്. എനിക്ക് എന്‍റെ  മണ്ഡലത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിന്‍റെ ഭാഗമായി മാത്രമാണ് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്'. ബിജെപിയിലേക്ക് ഇല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലുമായി അല്‍പേഷ് കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് കൂടിക്കാഴ്ച ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ചായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്നാണ് നിലപാട് വ്യക്തമാക്കി അല്‍പേഷ് രംഗത്തെത്തിയത്. 2017 ലാണ് അല്‍പേഷ് കോണ്‍ഗ്രസിലെത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് എംഎൽഎയുമായി.

എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ അല്‍പേഷ് ഠാക്കൂറും അദ്ദേഹത്തിന്‍റെ രണ്ട് അനുയായികളും കോണ്‍ഗ്രസ് വിടുകയായിരുന്നു. ലോക്സഭാതെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച അല്‍പേഷിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതാണ് പാര്‍ട്ടിവിടാനിടയാക്കിയത്. കോണ്‍ഗ്രസ് വിട്ടെങ്കിലും അദ്ദേഹം എംഎല്‍എ സ്ഥാനം രാജി വെച്ചിട്ടില്ല.