Asianet News MalayalamAsianet News Malayalam

1965ലെയും 71ലെയും അബദ്ധം ഇനി കാണിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‍നാഥ് സിംഗ്

ഇമ്രാൻ ഖാൻ പാക് അധീന കശ്മീരിൽ വന്ന് ജനങ്ങൾ ഇന്ത്യൻ അതിർത്തിയിലേക്ക് പോകരുതെന്ന് പറഞ്ഞത് നല്ല ലക്ഷണമാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു. അങ്ങനെ വന്നാൽ അവർക്ക് തിരിച്ച് പോകാൻ കഴിയില്ലെന്നും പ്രതിരോധമന്ത്രി മുന്നറിയിപ്പ് നൽകി.

no power will be able to protect Pak from getting further divided says rajnath singh
Author
Bihar, First Published Sep 22, 2019, 4:25 PM IST

ബിഹാർ: പാകിസ്ഥാന് വീണ്ടും മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പാക് അധിനിവേശ കശ്മീരിൽ മനുഷ്യാവകാശ ലംഘനങ്ങൾ തുടരുകയാണെന്നും ഇത് ഇനിയും തുടർന്നാൽ കൂടുതൽ കഷണങ്ങളായി വിഭജിക്കുന്നതിൽ നിന്ന് പാകിസ്ഥാനെ സംരക്ഷിക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നും രാജ്‍നാഥ് സിംഗ് മുന്നറിയിപ്പ് നൽകി. പാകിസ്ഥാന് എത്ര ധൈര്യമുണ്ടെന്ന് കാണട്ടെയെന്നും എത്ര ഭീകരവാദികളെ പാകിസ്ഥാൻ സൃഷ്ടിക്കുമെന്നും രാജ്നാഥ് സിംഗ് ചോദിച്ചു. 

പാകിസ്ഥാൻ നിരുത്സാഹപ്പെട്ടിരിക്കുകയാണെന്നും ഇമ്രാൻ ഖാൻ പാക് അധീന കശ്മീരിൽ വന്ന് ജനങ്ങൾ ഇന്ത്യൻ അതിർത്തിയിലേക്ക് പോകരുതെന്ന് പറഞ്ഞത് നല്ല ലക്ഷണമാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു. അങ്ങനെ വന്നാൽ അവർക്ക് തിരിച്ച് പോകാൻ കഴിയില്ലെന്നും പ്രതിരോധമന്ത്രി മുന്നറിയിപ്പ് നൽകി. 1965ലെയും 1971ലെയും അബദ്ധം പാകിസ്ഥാൻ ഇനി കാണിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മുകശ്മീരിൽ ഭീകരവാദം ജന്മം കൊണ്ടതിനുള്ള എറ്റവും വലിയ കാരണം, ആർട്ടിക്കിൾ 370യും 35എയും ആണെന്ന് പറഞ്ഞ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഈ ഭീകരവാദമാണ് കശ്മീരിനെ രക്തക്കളമാക്കിയതെന്നും പറഞ്ഞു.

അത്തരം നടപടി ആവർത്തിച്ചാൽ പാക് അധീന കശ്മീരിന് എന്ത് സംഭവിക്കുമെന്ന് പാകിസ്ഥാൻ ചിന്തിക്കണമെന്ന് പറഞ്ഞ രാജ്നാഥ് സിംഗ് അവിടുത്തെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചു. ബലൂചികൾക്കും പഷ്ടൂണുകൾക്കുമെതിരെ കടുത്ത ക്രൂരതയാണ് നടക്കുന്നതെന്ന് പറഞ്ഞ പ്രതിരോധമന്ത്രി ഇത് തുടർന്നാൽ പാകിസ്ഥാൻ കഷ്ണങ്ങളാകുന്നത് തടയാൻ ആ‌ർക്കും കഴിയില്ലെന്നും മുന്നറിയിപ്പ് നൽകി. 

Follow Us:
Download App:
  • android
  • ios