ദില്ലി: ദേശീയ തലത്തിൽ സാമൂഹിക വ്യാപനം ഉണ്ടായത്തിന് തെളിവില്ല എന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. ചില ഹോട്സ്പോട്ടുകളിൽ രോഗ വ്യാപനം ഉയരുന്നുണ്ട്. ഇവിടങ്ങളിൽ പ്രാദേശിക വ്യാപനം നടന്നിട്ടുണ്ടാകാം എന്നും രൺദീപ് ഗുലേറിയ അഭിപ്രായപ്പെട്ടു. രാജ്യത്ത് സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാരിനുമുളളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് നാൽപ്പതിനായിരത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 40,425 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനകം 681 പേർ രോ​ഗം ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 11,18,043 ആയി. ആകെ മരണസംഖ്യ 27,497 ആണ്.

ഈ സാഹചര്യത്തിലും രാജ്യത്തെ രോഗമുക്തി നിരക്ക് താരതമ്യേന മെച്ചപ്പെട്ട നിലയിലാണെന്നത് ആശ്വാസത്തിന് വക നൽകുന്നുണ്ട്. ഇതുവരെ 7,00,087 പേരാണ് ആകെ രോഗമുക്തരായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പറയുന്നു. രോഗം ബാധിച്ചവരിൽ ഏതാണ്ട് 62.61 ശതമാനം പേരും രോഗമുക്തരായെന്നാണ് റിപ്പോർട്ട്. 

അതേസമയം, രോഗികളുടെ പ്രതിദിനവർദ്ധനയിൽ വൻ കുതിച്ചുചാട്ടമാണ് രാജ്യത്ത് ഉണ്ടാകുന്നത്. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ബ്രസീലിനെക്കാൾ കൂടുതലാണ് ഇന്ത്യയിലെ രോഗവ്യാപനം. രോഗവ്യാപനത്തിൽ തുടർച്ചയായ നാലാംദിവസം ഇന്ത്യ രണ്ടാംസ്ഥാനത്ത് തുടരുകയാണ്. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇത്തരത്തിൽ രോഗവ്യാപനം കുത്തനെ കൂടിയാൽ ചികിത്സാസൗകര്യം ഉണ്ടാകുമോ എന്ന ആശങ്കകൾ തുടരുകയാണ്. നിലവിൽ നാല് ലക്ഷത്തോളം രോഗികളാണ് ഇന്ത്യയിൽ ചികിത്സയിലുള്ളത്. 

Read Also: കൊവിഡ് പ്രതിരോധത്തിന് സ്വകാര്യമേഖലയെയും അടിയന്തരമായി സജ്ജമാക്കണമെന്ന് ഉമ്മൻ ചാണ്ടി...