ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി നിശ്ചയിക്കാൻ ഭരണഘടനാ ഭേദഗതി വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സംസ്ഥാനങ്ങളുടെ അവകാശം നേടും വരെ വിശ്രമമില്ലെന്നും സ്റ്റാലിൻ സമൂഹമാധ്യമമായ എക്സ്സിൽ കുറിച്ചു.
ചെന്നൈ : ബില്ലുകളിൽ ഗവർണർക്ക് സമയപരിധി നിശ്ചയിക്കാൻ ഭരണഘടനാ ഭേദഗതി വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സംസ്ഥാനങ്ങളുടെ അവകാശം നേടും വരെ വിശ്രമമില്ലെന്നും സ്റ്റാലിൻ സമൂഹമാധ്യമമായ എക്സ്സിൽ കുറിച്ചു. രാഷ്ട്രപതിയുടെ റഫറൻസിലെ സുപ്രീം കോടതി മറുപടി, തമിഴ്നാട് ഗവർണർക്കെതിരായ ഏപ്രിലിലെ വിധിയെ ബാധിക്കില്ല. തമിഴ്നാട് ഗവർണറുടെ വാദങ്ങൾ തള്ളുന്നതാണ് ഭരണഘടനാ ബഞ്ചിന്റെ നിരീക്ഷണങ്ങൾ എന്നും, സർക്കാരുകളുടെ ഹിതത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ ഗവർണർമാർ ഇനി നിർബന്ധിതരാകും എന്നും സ്റ്റാലിൻ പറഞ്ഞു. ഉപദേശ സ്വഭാവത്തിലുള്ള നിരീക്ഷണങ്ങളുടെ പരിമിതിയെക്കുറിച്ച് 1974ൽ 9-അംഗ ഭരണഘടനാ ബഞ്ചിന്റെ വിധിയുണ്ട് എന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
സമയപരിധി നിശ്ചയിച്ചത് സുപ്രീംകോടതി തള്ളി
ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണ്ണർക്കും സമയപരിധി നിശ്ചയിച്ചത് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ച് തള്ളുകയായിരുന്നു. ഭരണഘടനയിലില്ലാത്ത കാര്യം കോടതിക്ക് നിർദ്ദേശിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ച് രാഷ്ട്രപതിയുടെ റഫറൻസിനുള്ള മറുപടിയിൽ വ്യക്തമാക്കി. രാഷ്ട്രപതിയും ഗവർണ്ണറും ന്യായീകരണമില്ലാതെ ബില്ലുകൾ പിടിച്ചു വച്ചാൽ കോടതിക്ക് ഇടപെടാം. എന്നാൽ ഗവർണ്ണർ ഒപ്പു വയ്ക്കാത്ത തമിഴ്നാട്ടിലെ ബില്ലുകൾക്ക് കോടതി അംഗീകാരം നല്കിയത് ഭരണഘടന വിരുദ്ധമെന്നും അഞ്ചംഗ ബഞ്ച് ചൂണ്ടിക്കാട്ടുകയായിരുന്നു.



