പാർലമെന്‍റിന്‍റെ ഇരുസഭകളും പാസ്സാക്കിയ നിയമത്തിൻമേൽ സുപ്രീംകോടതി സ്റ്റേ അനുവദിക്കുന്നത് വളരെ അപൂർവം സന്ദർഭങ്ങളിൽ മാത്രമാണ്. പൗരത്വ നിയമഭേദഗതിയുടെ പേരിൽ രാജ്യത്തെ സർവകലാശാലകളും വടക്കു കിഴക്കൻ സംസ്ഥാനങ്ങളും സംഘർഷഭരിതമായ സമരത്തിലേക്ക് പോയ സാഹചര്യത്തിൽകൂടിയാണിത്.
ദില്ലി: പൗരത്വ നിയമഭേദഗതിക്ക് സ്റ്റേ ഏർപ്പെടുത്താൻ വിസമ്മതിച്ച് സുപ്രീംകോടതി. പൗരത്വ നിയമഭേദഗതിക്ക് എതിരെ സുപ്രീംകോടതിയിൽ നൽകിയ അറുപതോളം ഹർജികളിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ജനുവരി രണ്ടാം വാരത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. ജനുവരി 22-ന് ഹർജി ഇനി പരിഗണിക്കും.
മുസ്ലിങ്ങളൊഴികെയുള്ളവർക്ക് പൗരത്വം നൽകാൻ ഉള്ള ചട്ടങ്ങൾ ഉൾപ്പെടുത്തി പൗരത്വ നിയമം ഭേദഗതി ചെയ്തത് ഭരണഘടനയുടെ 14-ാം അനുച്ഛേദപ്രകാരം തെറ്റാണെന്നാണ് ഹർജിക്കാരുടെ വാദം. മതപരമായ വേർതിരിവ് കാണിച്ച് പൗരത്വം നൽകാനുള്ള നിയമം രൂപീകരിക്കുന്നത് മതേതര ഇന്ത്യയെന്ന ഭരണഘടനാ തത്വത്തിന്‍റെ ലംഘനമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് വേണ്ടി കപിൽ സിബൽ അടക്കമുള്ള പ്രമുഖരായ അഭിഭാഷകരാണ് ഈ കേസിൽ ഹാജരായത്.
പാർലമെന്‍റിന്‍റെ ഇരുസഭകളും പാസ്സാക്കിയ നിയമത്തിൻമേൽ സുപ്രീംകോടതി സ്റ്റേ അനുവദിക്കുന്നത് വളരെ അപൂർവം സന്ദർഭങ്ങളിൽ മാത്രമാണ്. പൗരത്വ നിയമഭേദഗതിയുടെ പേരിൽ രാജ്യത്തെ സർവകലാശാലകളും വടക്കു കിഴക്കൻ സംസ്ഥാനങ്ങളും സംഘർഷഭരിതമായ സമരത്തിലേക്ക് പോയ സാഹചര്യത്തിൽകൂടിയാണ് ഹർജി അടിയന്തരമായി പരിഗണിക്കാനോ സ്റ്റേ അനുവദിക്കാനോ സുപ്രീംകോടതി വിസമ്മതിക്കുന്നത്.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചിൽ ജസ്റ്റിസുമാരായ ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് അംഗങ്ങൾ.
പൗരത്വ നിയമഭേദഗതിയുടെ പേരിൽ വലിയ ആശയക്കുഴപ്പവും പരിഭ്രാന്തിയുമുണ്ടെന്ന ഹർജിക്കാരനായ അശ്വിനി ഉപാധ്യായയുടെ വാദത്തോട് സുപ്രീംകോടതി യോജിച്ചു. അതിനാൽത്തന്നെയാണ് വലിയ പ്രതിഷേധങ്ങളുണ്ടായതെന്നും ഹർജിക്കാരൻ പറഞ്ഞു. അറ്റോർണി ജനറൽ കെ കെ വേണുഗോപാലിനോട്, നിയമഭേദഗതിയിലെ ചട്ടങ്ങളെക്കുറിച്ച് വലിയ പ്രചാരണങ്ങൾ നടത്തുന്നതിനെക്കുറിച്ച് സുപ്രീംകോടതി ആരാഞ്ഞു. സർക്കാർ അത് ചെയ്യാൻ തയ്യാറാണെന്ന് എജി.
അടിയന്തരമായി ഈ കേസ് പരിഗണിക്കേണ്ടതില്ലെന്നും, വിശദമായി കേന്ദ്രസർക്കാരിന്‍റെ കൂടി ഭാഗം കേൾക്കേണ്ടതാണെന്നും കണക്കുകൂട്ടിത്തന്നെയാണ് സുപ്രീംകോടതി ഇത് പിന്നീട് പരിഗണിക്കാൻ തീരുമാനിക്കുന്നത്.
എന്നാൽ ഹർജി പരിഗണിച്ച് വിശദമായ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിക്കുകയാണ്. ഭരണഘടനയിലെ അടിസ്ഥാന അനുച്ഛേദങ്ങളിലടക്കം വാദം വേണ്ടതിനാൽ ഒരു പക്ഷേ, ഭരണഘടനാ ബഞ്ചിലേക്ക് ഈ ഹർജികൾ പോകാനാണ് സാധ്യത.
