ദില്ലിയില്‍ നവംബര്‍ പതിനൊന്ന്, പന്ത്രണ്ട് തീയതികളിൽ വാഹന നിയന്ത്രണമുണ്ടാവില്ല.

ദില്ലി: അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെത്തുടര്‍ന്ന് വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയ ദില്ലിയില്‍ നവംബര്‍ പതിനൊന്ന്, പന്ത്രണ്ട് തീയതികളിൽ വാഹന നിയന്ത്രണമുണ്ടാവില്ല. ഗുരുനാനാക്ക് ജയന്തി പരിഗണിച്ചാണ് ഒറ്റ, ഇരട്ട അക്കനമ്പർ നിയന്ത്രണത്തിൽ സർക്കാർ ഇളവ് നൽകുന്നത്. ഗതാഗത വകുപ്പ് മന്ത്രി കൈലാഷ് ഗഹ്ലോട്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

വായുമലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് നവംബര്‍ നാലുമുതല്‍ മുതല്‍ 15 വരെയാണ് ദില്ലി സര്‍ക്കാര്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാവിലെ 8 മണി മുതല്‍ രാത്രി 8 വരെയാണ് നിയന്ത്രണം. വായു മലിനീകരണതോത് അപകടനിലയില്‍ തുടരുന്നതിനിടെ ദില്ലിയില്‍ പലയിടങ്ങളിലും ആളുകൾ ശ്വാസതടസ്സം ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. 

ദില്ലി വായുമലിനീകരണം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിമര്‍ശനം, ഒരാഴ്ചക്കുള്ളില്‍ പരിഹാരം കാണണമെന്നും നിര്‍ദ്ദേശം

അതിനിടെ പ്രശ്നത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ അതിരൂക്ഷമായി ശകാരിച്ച് സുപ്രീംകോടതി രംഗത്തെത്തി. മലിനീകരണം തടയുന്നതില്‍ ദില്ലിയിലെ ആംആദ്മി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഒരാഴ്ചക്കുള്ളില്‍ മലിനീകരണത്തിന് പരിഹാരം കാണണമെന്നും കോടതി അന്ത്യശാസനം നല്‍കി. വായുമലിനീകരണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ പഞ്ചാബ്, ഹരിയാന,ദില്ലി, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളെയും കേന്ദ്ര സര്‍ക്കാരിനെയും സുപ്രീംകോടതി വിമര്‍ശിച്ചു.