Asianet News MalayalamAsianet News Malayalam

നിർമ്മാണം തുടർന്നോളൂ, പക്ഷെ ആരെ വനത്തിൽ നിന്ന് മരം മുറിക്കരുത്; നിലപാട് കടുപ്പിച്ച് സുപ്രീംകോടതി

ഒക്ടോബർ 21 വരെ ആരെ വനത്തിൽ നിന്ന് മരങ്ങൾ മുറിക്കരുതെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. വനത്തിൽനിന്ന് മരം മുറിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം നിയമവിദ്യാർത്ഥികൾ നൽകിയ ഹർജി പരി​ഗണിക്കവേയായിരുന്നു കോടതി ഉത്തരവ്. 

No Tree Cutting from Aarey forest Says Supreme Court
Author
Mumbai, First Published Oct 21, 2019, 7:05 PM IST

മുംബൈ: മഹാരാഷ്ട്രയിലെ ആരെ വനത്തിൽ നിന്ന് മരം മുറിക്കരുതെന്ന് ആവർത്തിച്ച് സുപ്രീംകോടതി. ആരെ കോളനിക്ക് സമീപം മുംബൈ മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് നിർമ്മിക്കുന്ന കാര്‍ പാര്‍ക്കിങ് ഷെഡ്ഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ തുടർന്നോള്ളൂ, എന്നാൽ ആരെ വനത്തിൽ നിന്ന് ഒരു മരം പോലും മുറിക്കരുതെന്ന ഉത്തരവ് നിലനിൽക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

മെട്രോയുടെ കാര്‍ പാര്‍ക്കിംഗ് ഷെഡ്ഡിനായി ആരെ വനത്തിലെ 2,500 ലേറെ മരങ്ങൾ മുറിക്കേണ്ടിവരുമെന്നായിരുന്നു മഹാരാഷ്ട്ര സർക്കാരിന്റെ കണക്ക്. ഇതിനെതിരെ വിദ്യാർത്ഥികളും പാരിസ്ഥിതി പ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പ്രതിഷേധവുമായി രം‌ഗത്തെത്തിയത്. തുടർന്ന് ഒക്ടോബർ 21 വരെ ആരെ വനത്തിൽ നിന്ന് മരങ്ങൾ മുറിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. വനത്തിൽനിന്ന് മരം മുറിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം നിയമവിദ്യാർത്ഥികൾ നൽകിയ ഹർജി പരി​ഗണിക്കവേയായിരുന്നു കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗ​ഗോയി അധ്യക്ഷനായ പ്രത്യേക ബെഞ്ചാണ് കേസ് പരി​ഗണിച്ചത്.

Read More:ആരെ വനത്തിൽ നിന്ന് മരം മുറിക്കരുതെന്ന് സുപ്രീംകോടതി; നിർദ്ദേശം പാലിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ

മെട്രോ കോച്ച് നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കാന്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരെയുള്ള പൊതു താത്പര്യ ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ അർദ്ധരാത്രിതന്നെ കനത്ത പൊലീസ് കാവലിൽ മരം മുറിക്കാൻ തുടങ്ങി. ഒക്ടോബർ ആറിന് മാത്രം 200ഓളം മരങ്ങളാണ് മുറിച്ചത്. ആരെ വനത്തിൽ നിന്ന് മരങ്ങൾ‌ മുറിക്കുന്നതിരെ നടത്തിയ സമരത്തിൽ 29 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആരേ വനത്തിലെ മരം മുറിക്കുന്നതിനെ വിമർശിച്ച് നിരവധി ബോളിവുഡ് താരങ്ങളും രം​ഗത്തെത്തിയിരുന്നു. മരങ്ങള്‍ മുറിക്കുന്നത് തെറ്റാണെന്ന് അറിയുന്നവര്‍ പോലും അത് ചെയ്യുന്നത് അപലനീയമാണെന്ന് ഫര്‍ഹാൻ അക്തര്‍ പ്രതികരിച്ചിരുന്നു. ഒരു രാത്രി നാന്നൂറോളം മരങ്ങള്‍ മുറിക്കപ്പെട്ടു. ഇങ്ങനെയുള്ള കൂട്ടക്കൊല നിര്‍ത്താൻ പൗരൻമാര്‍ അണിചേര്‍ന്നിരിക്കുകയാണ്. അവര്‍ സ്‍നേഹത്താല്‍ അങ്ങനെ സംഘടിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ. പ്രകൃതിയോടുള്ള സ്‍നേഹത്താല്‍. നമ്മുടെ കുട്ടികളോടും ഭാവിയോടുമുള്ള സ്‍നേഹത്താല്‍ എന്ന് നടി ദിയ മിര്‍സയും ട്വീറ്റ് ചെയ്തിരുന്നു. 

Read More:മുംബൈയിലെ മരംമുറി: പ്രതിഷേധവുമായി താരങ്ങളും രംഗത്ത്

Follow Us:
Download App:
  • android
  • ios