ദില്ലി: പൗരത്വനിയമത്തിന്റെ പേരില്‍ ദില്ലിയില്‍ തുടരുന്ന സംഘര്‍ഷത്തിനിടെ വെടിയേറ്റ പതിന്നാലുകാരനെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല. ഗോകുല്‍പുരിയില്‍ വച്ച് രാവിലെ 11 മണിയോടെയാണ് സംഘര്‍ഷത്തിനിടെ പതിന്നാലുകാരന് വെടിയേറ്റത്. എന്നാല്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ മണിക്കൂറുകളായിട്ടും സമീപവാസികള്‍ക്കായില്ല. 

ഒരു വാഹനം പോലും ഇവരെ കയറ്റാന്‍ തയ്യാറായില്ല. പൊലീസോ കേന്ദ്രസേനയോ സംഭവസ്ഥലത്ത് എത്തിയില്ല. അതുവഴി കടന്നുപോയ പൊലീസ് വാഹനങ്ങളെ പല തവണ കൈകാണിച്ച് വിളിച്ചുവെങ്കിലും അവര്‍ വരാന്‍ പോലും തയ്യാറായില്ലെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് സംഘം സഞ്ചരിച്ചിരുന്ന ടാക്‌സിയില്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും ടാക്‌സി ഡ്രൈവര്‍ അതിന് തയ്യാറല്ലെന്ന് പറഞ്ഞ് ഭയത്തോടെ പോവുകയായിരുന്നു. ഒടുവില്‍ നാലേമുക്കാലോട് കൂടി ഒരു പൊലീസ് വാഹനത്തില്‍ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. 

സംഘര്‍ഷത്തിനിടെ പരിക്കേറ്റ നിരവധി പേരുടെ അവസ്ഥ ഇതുതന്നെയാണെന്നാണ് ദില്ലി ന്യൂസ് ഡെസ്‌ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. പലരും ഗുരുതരമായ പരിക്കുകളോടെ ചികിത്സ ലഭ്യമല്ലാത്ത സാഹചര്യത്തിലുണ്ടെന്നും പൊലീസ് ഇക്കാര്യത്തില്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. 

വീഡിയോ കാണാം...

"