മുപ്പത്തിരണ്ട് വർഷം പഴക്കമുള്ള മണി ഓർഡർ തട്ടിപ്പ് കേസിൽ വിരമിച്ച സബ് പോസ്റ്റ് മാസ്റ്റർക്ക് നോയിഡ കോടതി മൂന്ന് വർഷത്തെ തടവുശിക്ഷ വിധിച്ചു. 1993-ൽ 1500 രൂപയുടെ മണി ഓർഡർ അയക്കാതെ പണം തട്ടിയെടുത്ത് വ്യാജ രസീത് നൽകിയതിനാണ് മഹേന്ദ്ര കുമാറിനെ ശിക്ഷിച്ചത്.

ദില്ലി: മുപ്പത്തിരണ്ട് വർഷം പഴക്കമുള്ള മണി ഓർഡർ തട്ടിപ്പ് കേസിൽ വിരമിച്ച സബ് പോസ്റ്റ് മാസ്റ്ററെ മൂന്ന് വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. പതിനായിരം രൂപ പിഴയും ചുമത്തി. ഹാപൂരിലെ പിൽഖുവ സ്വദേശി മഹേന്ദ്ര കുമാറിനെതിരെയാണ്, നോയിഡ ഗൗതം ബുദ്ധ നഗറിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മായങ്ക് ത്രിപാഠി ശിക്ഷ വിധിച്ചത്. 1993 ഒക്ടോബർ 12 ന് ആരംഭിച്ച കേസിലാണ് വിധി.

നോയിഡയിലെ സെക്ടർ 15 ൽ താമസക്കാരനായിരുന്ന അരുൺ മിസ്ത്രി, ബിഹാറിലെ സമസ്തിപൂരിലുള്ള തന്റെ അച്ഛൻ മദൻ മഹാതോയ്ക്ക് 1,500 രൂപയുടെ മണി ഓർഡർ അയച്ചിരുന്നു. ആ കാലത്ത് മഹേന്ദ്ര കുമാറായിരുന്നു നോയിഡയിലെ സെക്ടർ 19 ലെ പോസ്റ്റ് ഓഫീസിൽ സബ് പോസ്റ്റ് മാസ്റ്ററായി പ്രവർത്തിച്ചിരുന്നത്. 1,500 രൂപയും 75 രൂപ കമ്മീഷനും സഹിതമാണ് പണം നൽകിയത്. എന്നാൽ ഇത് മദൻ മഹോതോയ്ക്ക് ലഭിച്ചില്ല.

പണം ലഭിക്കാത്തതിനെ തുടർന്ന്, 1994 ജനുവരി 3 ന് മിസ്ട്രി പോസ്റ്റ് ഓഫീസ് സൂപ്രണ്ട് സുരേഷ് ചന്ദ്രയ്ക്ക് പരാതി നൽകി. ഈ ഘട്ടത്തിലാണ് പോസ്റ്റ് ഓഫീസിൽ നിന്ന് പണം സ്വീകരിച്ചപ്പോൾ തനിക്ക് ലഭിച്ചത് വ്യാജ രസീതിയാണെന്ന് അരുൺ മിസ്ത്രിക്ക് മനസിലായത്. വകുപ്പ് തല അന്വേഷണത്തിൽ ഈ 1,575 രൂപ സർക്കാരിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിട്ടില്ലെന്നും കണ്ടെത്തി. ഇതിന് പിന്നാലെ പോസ്റ്റൽ സൂപ്രണ്ടായിരുന്ന സുരേഷ് ചന്ദ്ര, കുറ്റാരോപിതനായ മഹേന്ദ്ര കുമാറിനെതിരെ പൊലീസിൽ പരാതി നൽകി.

വകുപ്പുതല അന്വേഷണത്തിൽ കുറ്റം സമ്മതിച്ച മഹേന്ദ്ര കുമാർ 1994 ഫെബ്രുവരി 8 ന് 1575 രൂപ സർക്കാർ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. ഇനി ഇത്തരത്തിലൊരു തെറ്റ് ആവർത്തിക്കില്ലെന്നും വ്യക്തമാക്കി. എന്നാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണയും തുടങ്ങി. 1988-ലെ രാം ശങ്കർ പട്നായിക് vs ഒറീസ സംസ്ഥാനം കേസിലെ സുപ്രീം കോടതിയുടെ വിധി ഉദ്ധരിച്ച നോയിഡ കോടതി, നഷ്ടപ്പെട്ട തുക തിരികെ നൽകുന്നത് കുറ്റകൃത്യം ഇല്ലാതാക്കില്ലെന്ന് ചൂണ്ടിക്കാട്ടി. ഒരു സർക്കാർ ജീവനക്കാരൻ ഏറ്റവും സത്യസന്ധതയോടെ പ്രവർത്തിക്കണമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾ സർക്കാർ സംവിധാനത്തെ ദുർബലപ്പെടുത്തും. അത് സർക്കാർ സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം കുറയ്ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധികം തടവനുഭവിക്കണമെന്ന് കൂടി വ്യവസ്ഥ ചെയ്താണ് കേസിൽ മഹേന്ദ്ര കുമാറിനെ കോടതി ശിക്ഷിച്ചിരിക്കുന്നത്.