നോർസെറ്റ് പരീക്ഷയിൽ വൻ ആൾമാറാട്ടം; നഴ്‌സിംഗ് ഓഫീസറായി ജോലി കിട്ടിയവർക്ക് പണി അറിയില്ല, 4 പേരെ പിരിച്ചുവിട്ടു

ദില്ലി എംയിസടക്കം കേന്ദ്ര സർക്കാരിന് കീഴിലെ ആശുപത്രികളിലേക്ക് നിയമനത്തിനുള്ള നോർസെറ്റ് പരീക്ഷയിൽ അട്ടിമറി

NORSET exam fraud 2024 four newly appointed personals expelled from service

ദില്ലി: എംയിസ് അടക്കം കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്സിംഗ് ഓഫീസർമാരുടെ നിയമനത്തിനുള്ള പരീക്ഷയിൽ അട്ടിമറി. നിയമനം നേടി ജോലിക്കെത്തിയ നാല് പേരെ ദില്ലി ആർഎംഎൽ ആശുപത്രി പിരിച്ചുവിട്ടു. ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയെന്ന് കണ്ടെത്തിയതോടെയാണ് നടപടി. 

ദില്ലി എംയിസ് അടക്കം രാജ്യത്തെ വിവിധ എംയിസുകളിലേക്കുള്ള നഴ്സിംഗ് ഓഫീസർമാരുടെ നിയമനത്തിനാണ് നോർസെറ്റ് (NORSET) എന്ന കേന്ദ്രീകൃത പരീക്ഷ നടത്തിയിരുന്നത്. 2019 മുതൽ ഈ പരീക്ഷ വഴി ആർഎംഎൽ , സഫ്ദർജംഗ് അടക്കം കേന്ദ്രസർക്കാരിന്റെ കീഴലുള്ള മറ്റു ആശുപത്രികളിലേക്കുമ നിയമനം നടത്തി തുടങ്ങി. എന്നാൽ 2022 ൽ നടന്ന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആർഎംഎൽ ആശുപത്രിയിൽ നടന്ന നിയമനത്തിലെ കള്ളക്കളി പുറത്ത് വന്നിരിക്കുന്നത്. 

ആശുപത്രിയില്‍ നിയമിതരായ നാല് പേര്‍ക്ക് തൊഴില്‍ സംബന്ധമായ യാതൊരു അറിവും ഇല്ലെന്ന് ബോധ്യമായതോടെ ആശുപത്രി അധികൃതര്‍ തന്നെ തുടര്‍ പരിശോധനകള്‍ നടത്തുകയായിരുന്നു. ഇതിൽ ആശുപത്രിയില്‍ നിയമിതരായവരല്ല പരീക്ഷയെഴുതിയതെന്ന് തെളിഞ്ഞു. ഇതോടെ നാല് പേരെയും പുറത്താക്കി. സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തോയന്നതടക്കം ചോദ്യങ്ങളോട് ആര്‍എംഎല്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. പരീക്ഷ അട്ടിമറിയില്‍ ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്സസ് അസോസിയേഷന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു.

രണ്ടായിരം പേരുടെ റാങ്ക് ലിസ്റ്റാണ് നോർസെറ്റ് വഴി പ്രസിദ്ധീകരിച്ചത്. ഇതിൽ ഇരൂന്നൂറിലേറെ പേർ ആർഎംഎല്ലിൽ ഇതിനോടകം നിയമനം നേടി. പല ആശുപത്രികളിലും നിയമന സമയത്ത് ബയോമെട്രിക്ക് പരിശോധന ഇല്ലാത്തതിനാല്‍ തട്ടിപ്പ് നടത്തിയവരെ കണ്ടെത്താനായിട്ടില്ല. 2023 ൽ നോർസെറ്റ് പരീക്ഷയുടെ ചോദ്യപ്പേർ ചോർന്നതും വിവാദമായിരുന്നു. ദില്ലി എംയിസിനാണ് പരീക്ഷയുടെ നടത്തിപ്പ് ചുമതല. എംയിസിന്റെ വിശദീകരണം തേടിയെങ്കിലും മറുപടി കിട്ടിയിട്ടില്ല.

 

Latest Videos
Follow Us:
Download App:
  • android
  • ios