വിപിവിവി തട്ടിപ്പിൽ ഡിജിപിക്ക് പരാതിയുമായി ഉത്തരേന്ത്യൻ വ്യവസായി. പണം ആവശ്യപ്പെട്ടപ്പോൾ പ്രതിയായ വെങ്കിട വെങ്കിട്ട് ഭീഷണിപ്പെടുത്തിയെന്ന് പരാതി. വിപിവിവി തട്ടിപ്പിൽ നാലരക്കോടി രൂപ നഷ്ടമായ വ്യവസായി ആണ് കേരള പൊലീസിന് പരാതി നൽകിയത്.

ദില്ലി: വിപിവിവി തട്ടിപ്പിൽ സംസ്ഥാന ഡിജിപിക്ക് പരാതിയുമായി ഉത്തരേന്ത്യൻ വ്യവസായി. പണം ആവശ്യപ്പെട്ടപ്പോൾ പ്രതിയായ വെങ്കിട വെങ്കിട്ട് ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിന്റെ മരണം ചൂണ്ടിക്കാട്ടി ആയിരുന്നു ഭീഷണിയെന്നും ഉത്തരേന്ത്യൻ വ്യവസായി പറയുന്നു. മരണത്തിൽ ദൂരുഹത അകറ്റാൻ അന്വേഷണം വേണമെന്നും ആവശ്യം ഉണ്ട്.

വിപിവിവി തട്ടിപ്പിൽ നാലരക്കോടി രൂപ നഷ്ടമായ വ്യവസായി ആണ് കേരള പൊലീസിന് പരാതി നൽകിയത്. നേരത്തെ വെങ്കിട വെങ്കിട്ട ഉൾപ്പെടെയുള്ളവർക്കെതിരെ ദില്ലി പൊലീസിൽ വ്യവസായി പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നില്ല. ബെംഗളൂരുവിൽ നിന്നുള്ള മലയാളി വ്യവസായി മധു നമ്പ്യാർ നൽകിയ പരാതിയിലാണ് പിന്നീട് വെങ്കിട വെങ്കിട്ട് ഉൾപ്പെടെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയതത്.

എന്നാൽ, കേസിൽ ഒത്തുതീർപ്പ് നടക്കുകയാണെന്ന് കോടതിയെ അറിയിച്ചതോടെ പിന്നീട് ദില്ലി കോടതി പ്രതികൾക്ക് ജാമ്യം നൽകിയിരുന്നു. ജാമ്യത്തിലിറങ്ങിയ വെങ്കിട വെങ്കിട്ടിനോട് ഉത്തരേന്ത്യൻ വ്യവസായി പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നിരന്തരം വിളിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ സന്ദേശം അയ്ക്കുകയും ചെയ്തിരുന്നു. ഇങ്ങനെയൊരു സന്ദേശത്തിന് മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിന്‍റെ മരണവുമായി ബന്ധപ്പെടുത്തി വെങ്കിട വെങ്കിട്ട് ഭീഷണി മുഴക്കിയെന്നാണ് പരാതിയിൽ പറയുന്നത്. ജിജോ ജോൺ പുത്തേഴത്തിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിശദമായി അന്വേഷിക്കണമെന്നും വ്യവസായി ആവശ്യപ്പെടുന്നു. തനിക്കെതിരെ ഉയർന്ന ഭീഷണിയിലും വിപിവിവി തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടുകളിലും സമഗ്ര അന്വേഷണം നടത്തണമെന്നാണ് ഡിജിപിക്ക് നൽകിയ പരാതിയിലെ ആവശ്യം. കേരളത്തിൽ വിവിധ ജില്ലകളിൽ തട്ടിപ്പുമായി ബന്ധപ്പട്ട് പരാതികൾ എത്തിയിട്ടും പൊലീസ് കാര്യമായ നടപടി സ്വീകരിക്കുന്നില്ല എന്ന ആക്ഷേപങ്ങൾക്കിടെയാണ് ഈ പരാതി കൂടി എത്തുന്നത്.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News