കർണാടകത്തിൽ ഇനി എഞ്ചിനീയർമാരുടെ പേരിന് മുന്നിൽ 'Er' എന്ന് ചേർക്കാം. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. സെപ്റ്റംബർ 15 'എഞ്ചിനീഴേസ് ദിനം' ആയി ആചരിക്കാനും സർക്കാർ തീരുമാനിച്ചു.
ബെംഗളൂരു: കർണാടകത്തിൽ എഞ്ചിനീയർമാർക്ക് ആദരം. സംസ്ഥാനത്ത് ഇനി എഞ്ചിനീയർമാരുടെ പേരിന് മുന്നിൽ 'Er' എന്ന് ചേർക്കാം. കർണാടക സർക്കാരാണ് ചരിത്രപരമായ നടപടി കൈക്കൊണ്ടത്. എഞ്ചിനീയറിങ് രംഗത്തെ അസാധാരണ പ്രതിഭയായിരുന്ന എം വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 എല്ലാ വർഷവും 'എഞ്ചിനീഴേസ് ദിനം' ആയി ഒദ്യോഗികമായി ആചരിക്കാനും സർക്കാർ തീരുമാനിച്ചു. എം വിശ്വേശ്വരയ്യയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച് കർണാടക ചാപ്റ്റർ ഓഫ് ദ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീഴേസ് (ഇന്ത്യ) സംഘടിപ്പിച്ച 59-ാമത് എഞ്ചിനീഴേസ് ദിനാഘോഷത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി ഡി കെ ശിവകുമാർ ആണ് പ്രഖ്യാപനം നടത്തിയത്. ഇതുസംബന്ധിച്ച ഉത്തരവ് എഞ്ചിനീയേഴ്‌സ് ദിനമായ ഇന്നലെ സർക്കാർ പുറത്തിറക്കി.
എഞ്ചിനീയർമാരുടെ പേരിന് മുന്നിന് വിശേഷണമായി 'Er' ഉപയോഗിക്കാനാണ് സർക്കാർ അനുമതി നൽകിയത്. ഡോക്ടർമാർ 'Dr' എന്ന് ചേർക്കും പോലെ എഞ്ചിനീയർമാർക്ക് 'Er' എന്ന് ചേർക്കാം. രാജ്യപുരോഗതിക്ക് നൽകിയ സേവനം കണക്കിലെടുത്താണ് തീരുമാനം. ഇതോടെ രാജ്യത്ത് ആദ്യമായി എഞ്ചിനീയർമാർക്ക് 'Er' എന്ന വിശേഷണം ചേർക്കാൻ അനുമതി നൽകുന്ന ആദ്യ സംസ്ഥാനമായി കർണാടക മാറി. നേരത്തെ, അധ്യാപകർക്ക് 'Tr' എന്ന വിശേഷണം ചേർക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു.
മാനവരാശി നേരിടുന്ന വെല്ലുവിളികൾക്ക് സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തുന്നതിലൂടെ, സാമൂഹികവും സാമ്പത്തികവുമായ വികസനത്തിൽ എൻജിനീയർമാർ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. എൻജിനീയർമാരെ ഭാവിയുടെ ശിൽപികൾ എന്ന് ഉത്തരവിൽ വിശേഷിപ്പിച്ചു. മൈസൂർ രാജ്യത്തിന്റെ 19-ാമത് ദിവാനായിരുന്ന കാലയളവിൽ വിശ്വേശ്വരയ്യ നൽകിയ സംഭാവനകളെയും ഉത്തരവിൽ അനുസ്മരിച്ചു.
കർണാടകയിൽ ഓരോ വർഷവും ഒരു ലക്ഷത്തിലധികം എൻജിനീയർമാരാണ് ബിരുദം നേടി പുറത്തിറങ്ങുന്നതെന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ എൻജിനീയറിങ് പ്രതിഭകളുടെ കൂട്ടായ്മയുള്ള ഇന്ത്യയിൽ, അവരുടെ സംഭാവനകളെ അംഗീകരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. വിശ്വേശ്വരയ്യ എൻജിനീയർമാർക്ക് ഇന്നും പ്രചോദനമേകുന്ന മാതൃകാ വ്യക്തിത്വമാണെന്നും ശിവകുമാർ വിശേഷിപ്പിച്ചു.


