ബെംഗളൂരു: ബെംഗളൂരു നഗരം മൊത്തത്തില്‍ അടയ്ക്കുമെന്ന കാര്യത്തിലടക്കം ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്ന് കമ്മീഷണര്‍. ഊഹാപോഹങ്ങള്‍ വിശ്വസിക്കരുതെന്നും നഗരത്തിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരു ഒരുതവണ കൂടി അടയ്ക്കാതിരിക്കണമെങ്കില്‍ ആളുകള്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ അനുസരിക്കണം. ഇന്നും നാളെയുമായി നടക്കുന്ന യോഗങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനെ കുറിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണയിലെ സുരക്ഷാ ചുമതലയിലുള്ള മൂന്ന് പേരും ഒരു ഇലക്ട്രീഷ്യനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൃഷ്ണയിലെ എല്ലാ ഉദ്യോഗസ്ഥരെയും പരിശോധനയ്ക്ക് വിധേയരാക്കും. മുഖ്യമന്ത്രിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഇവര്‍ വന്നിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.