പൗരാണിക കഥകളില്‍ പറയുന്ന മഞ്ഞുമനുഷ്യന്‍ 'യതി'യുടെ കാല്‍പ്പാടുകള്‍ നേപ്പാള്‍ അതിര്‍ത്തിയ്ക്കടുത്ത് മകാലു ബേസ്‌ക്യാംപിന് സമീപത്ത് കണ്ടെത്തിയെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ പര്‍വത നിരീക്ഷക സംഘം ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ കുറിച്ചത്. ഏപ്രില്‍ 9 ന് കണ്ട കാല്‍പ്പാടുകളുടെ ചിത്രവും സൈന്യം പുറത്തുവിട്ടിരുന്നു.
ദില്ലി: നേപ്പാൾ അതിർത്തിയിലെ മകാലു ബേസ് ക്യാംപിന് സമീപം യതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന ഇന്ത്യൻ സൈന്യത്തിന്റെ വെളിപ്പെടുത്തലിനെ തള്ളി നേപ്പാൾ. ഇത് യതിയുടേതല്ലെന്നും മറിച്ച് കരടിയുടേതാണെന്നും നേപ്പാൾ സൈന്യം ഇന്ത്യൻ സൈന്യത്തോട് പറഞ്ഞു. പൗരാണിക കഥകളില്‍ പറയുന്ന മഞ്ഞുമനുഷ്യന്‍ 'യതി'യുടെ കാല്‍പ്പാടുകള്‍ ഏപ്രിൽ ഒൻപതിന് കണ്ടെത്തിയെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ പര്‍വത നിരീക്ഷക സംഘം ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ കുറിച്ചത്.
കാൽപ്പാടിന് 32*15 ഇഞ്ച് അളവുണ്ടായിരുന്നു. എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഒളിച്ച് കഴിയുന്ന ഈ മഞ്ഞുമനുഷ്യനെ നേരത്തെ മകാലു-ബരുണ്‍ നാഷണല്‍ പാര്‍ക്കിന് സമീപത്ത് കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടെന്നും ട്വീറ്റിൽ ഇന്ത്യൻ സൈന്യം പറഞ്ഞിരുന്നു.
ഈ തരത്തിലുള്ള കാൽപ്പാടുകൾ ഇടക്കിടെ ഇവിടെ കാണാറുണ്ടെന്നാണ് നേപ്പാൾ സൈന്യത്തിന്റെ ലെയ്‌സൺ ഓഫീസർ ബ്രിഗേഡിയർ ജനറൽ ബിഗ്യാൻ ദേവ് പാണ്ഡെ പറഞ്ഞത്. ഇന്ത്യൻ സൈന്യത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഇക്കാര്യം തദ്ദേശവാസികളായവരോട് ചോദിച്ചെന്ന് അദ്ദേഹം പറഞ്ഞു. കരടിയുടേതാണ് കാൽപ്പാടെന്നും ഇത് ഇടക്കിടെ കാണാറുള്ളതാണെന്നുമാണ് അവർ മറുപടി നൽകിയത്.
