Asianet News MalayalamAsianet News Malayalam

രാഹുലിന്‍റെ ജോഡോ യാത്രയില്‍ പങ്കാളികളാകണം; ഇന്ത്യയിലേക്ക് പറന്നെത്തിയത് നിരവധി എന്‍ആര്‍ഐകള്‍

ഭര്‍ത്താവും കുട്ടികളുമൊത്ത് ന്യൂയോർക്കിലാണ് താന്‍ താമസിക്കുന്നത്. പക്ഷേ, ഹൃദയം എപ്പോഴും ഇന്ത്യയിലാണ്. ഇന്ത്യയിൽ നിന്നുള്ള വർഗീയ, കലാപ വാർത്തകൾ കേള്‍ക്കുമ്പോള്‍ ഹൃദയം തകരുമെന്നും ഡോ. സ്നേഹ റെഡ്ഡി

NRIs fly to india take part in Bharat Jodo Yatra
Author
First Published Nov 14, 2022, 4:55 PM IST

മുംബൈ: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കാളികളാകാന്‍ രാജ്യത്തേക്ക് തിരികെ എത്തിയത് നിരവധി എന്‍ആര്‍ഐകള്‍. കന്യാകുമാരിയിൽ നിന്ന് ജോഡോ യാത്ര ആരംഭിച്ചപ്പോൾ യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡെന്‍റല്‍ സർജനായ ഡോ. സ്നേഹ റെഡ്ഡിയും യാത്രയിൽ പങ്കുചേര്‍ന്നു. റാലി അവസാനിക്കുന്ന ശ്രീനഗര്‍ വരെ രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കാനാണ് പദ്ധതിയിട്ടിട്ടുള്ളതെന്ന് 50 വയസുകാരിയായ ഡോ. സ്നേഹ റെഡ്ഡി പറഞ്ഞു.

ഭര്‍ത്താവും കുട്ടികളുമൊത്ത് ന്യൂയോർക്കിലാണ് താന്‍ താമസിക്കുന്നത്. പക്ഷേ, ഹൃദയം എപ്പോഴും ഇന്ത്യയിലാണ്. ഇന്ത്യയിൽ നിന്നുള്ള വർഗീയ, കലാപ വാർത്തകൾ കേള്‍ക്കുമ്പോള്‍ ഹൃദയം തകരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബംഗളൂരു സ്വദേശിയായ സ്നേഹ 30 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി യുഎസിലേക്ക് പോയത്.

രാഹുല്‍ ഗാന്ധി ആളുകളോടും അവരുടെ ആശങ്കകളോടും വളരെ സെൻസിറ്റീവ് ആണെന്നാണ് ഇത്രയും ദിവസത്തെ അനുഭവത്തില്‍ നിന്ന് മനസിലാക്കാനായത്. രാജ്യത്തെ നയിക്കാൻ അദ്ദേഹത്തിന് കഴിവുണ്ട്. സമാനമായി, ലണ്ടൻ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യൂറോളജിസ്റ്റും റോബോട്ടിക് സർജനുമായ സുബോധ് കാംബ്ലെയും അദ്ദേഹത്തിന്റെ ബാരിസ്റ്റർ ഭാര്യ ഭരുലത പട്ടേൽ-കാംബ്ലെയും ഭാരത് ജോഡോ യാത്രയില്‍ പങ്കാളികളാകാന്‍ ഇന്ത്യയിലെത്തി. ഇരുവരും കൗമാരക്കാരായ മക്കള്‍ക്കൊപ്പമാണ് മഹാരാഷ്ട്രയിലെത്തി ഭാരത് ജോഡോ യാത്രയിൽ പങ്കുചേര്‍ന്നത്.

അതേസമയം, ഭാരത് ജോഡോ യാത്രയുടെ ഇടവേളയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നവംബർ 22 ന് ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും.  ഡിസംബർ 1, 5 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണല്‍. ഇന്നലെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഹിമാചൽ പ്രദേശിൽ രാഹുല്‍ പ്രചാരണത്തിന് എത്താതിരുന്നത് ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരുന്നു. ഹിമാചലിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസ് ഗുജറാത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ, പ്രമുഖ പാർട്ടി നേതാക്കളുടെ നിരവധി പ്രചാരണ റാലികൾ  ഗുജറാത്തില്‍ കോണ്‍ഗ്രസ് നടത്തും. 

ജോഡോ യാത്രയുടെ ഇടവേളയിൽ ഗുജറാത്തില്‍ പ്രചാരണത്തിന് രാഹുല്‍ എത്തുന്നു

Follow Us:
Download App:
  • android
  • ios